കണ്ണൂർ രൂപത ബൈബിൾ കൺവൻഷൻ നാളെ മുതൽ
1496987
Tuesday, January 21, 2025 1:03 AM IST
പിലാത്തറ: കണ്ണൂർ രൂപതയുടെ 11-ാമത് പിലാത്തറ വചനാഭിഷേകം ബൈബിൾ കൺവൻഷൻ നാളെ മുതൽ 26 വരെ പിലാത്തറ മേരിമാതാ ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
എല്ലാ ദിവസവും വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയാണ് കൺവൻഷൻ. വിവിധ മേഖലകളിലുള്ളവരുടെ ജോലിയെ ബാധിക്കാത്ത തരത്തിൽ കൺവൻഷനിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നതെന്ന് സംഘാടകർ അറയിച്ചു. സുപ്രസിദ്ധ വചനപ്രഘോഷകനായ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് കൺവൻഷൻ നയിക്കുന്നത്.
ജൂബിലി വർഷത്തിൽ കണ്ണൂർ രൂപത ബൈബിൾ പാരായണ വർഷമായി ആചരിച്ചുവരികയാണ്. നാളെ കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കും തല, രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശേരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ നടത്തുന്ന ദിവ്യബലിയോടെയാണ് കൺവൻഷൻ ആരംഭിക്കുക. ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതായി ജനറൽ കൺവീനർ ഫാ. ബെന്നി മണപ്പാട്ട് പറഞ്ഞു.