ആറളം ഫാമിലെ സമ്മിശ്രതോട്ടത്തിൽ നൂറിൽ നൂറു വിളവുമായി മരച്ചീനിക്കൃഷി
1496726
Monday, January 20, 2025 1:02 AM IST
ഇരിട്ടി: ആറളം ഫാം വൈവിധ്യവത്കരണത്തിന്റെ ഭാഗമായി അണുങ്ങോട് ഏരിയായിയിലെ 100 ഏക്കർ സമ്മിശ്ര കൃഷിത്തോട്ടത്തിൽ മരച്ചീനി കൃഷിയിൽ 100 മേനി വിളവ്. അണുങ്ങോടുള്ള 100 ഏക്കർ സമ്മിശ്ര കൃഷിത്തോട്ടത്തിൽ മൂന്നു ഹെക്ടറിൽ അധികം വരുന്ന സ്ഥലത്താണ് മരച്ചീനിക്കൃഷി നടത്തിയിരുന്നത്.
വിളവെടുപ്പ് ആരംഭിച്ചപ്പോൾ തൊഴിലാളികളെപോലും അദ്ഭുതപ്പെടുത്തിയ വിളവാണ് ഇത്തവണ മണ്ണു തിരിച്ചു നൽകിയത്.
മരച്ചീനി കൂടാതെ ചെറുധാന്യങ്ങൾ, ചേന, ചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ് , കരനെല്ല്, പച്ചക്കറി, ചോളം, മഞ്ഞൾ, എള്ള്, വാഴ തുടങ്ങിയവയും ഇടവിളകളായി കൃഷി ചെയ്തിട്ടുണ്ട്. രണ്ടര ഹെക്ടർ സ്ഥലത്ത് മാതൃ ഫലവൃക്ഷ തോട്ടവും ഒരുങ്ങുന്നുണ്ട്.
വന്യമൃഗങ്ങളുടെ താവളമായിരുന്ന അണുങ്ങോട് സെക്ടറിലെ 100 ഏക്കർ സ്ഥലം വെട്ടിത്തെളിച്ച് രണ്ടടുക്ക് ഫെൻസിംഗ് സംവിധാനം ഒരുക്കിയ ശേഷമാണ് കൃഷിയാരംഭിച്ചത്. കഴിഞ്ഞ ഓണം സീസണിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷി പുതിയ അനുഭവമായിരുന്നു.
ഫാം ടൂറിസത്തിന്റെ ഭാഗമായി ചെണ്ടുമല്ലി പൂക്കൾ കാണാൻ നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ സീസണിൽ ഫാമിൽ എത്തിയത്. കരനെല്ല് , ചേന, കാച്ചിൽ, എള്ള് തുടങ്ങിയ കൃഷിയെല്ലാം നൂറുമേനി വിളവ് നൽകിയിരുന്നു. സമ്മിശ്ര കൃഷിയിലൂടെ ലഭിച്ച എള്ള് ആട്ടിയെടുത്ത ശുദ്ധമായ ആറളം ഫാം ബ്രാൻഡ് എള്ളെണ്ണയും ഉടൻ കന്പോളത്തിലെത്തും. ഇത്തരത്തിൽ 300 ലിറ്റർ എള്ളെണ്ണ വിപണത്തിന് തയാറായിക്കഴിഞ്ഞു. 500 രൂപയാണ് ഒരു ലിറ്ററിന്റെ വില.
പൊരുതിക്കൊയ്ത
വിജയം
കടുത്ത പ്രതിസന്ധികൾക്ക് നടുവിലാണ് കൃഷിയിലെ പുതിയ പരീക്ഷണങ്ങൾ വിജയം കൊയ്യുന്നത് . വന്യമൃഗങ്ങളുടെ ആക്രമണത്തിനും സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും കൃഷിയിലെ പുതിയ പരീക്ഷണങ്ങളിലെ നൂറുമേനി വിളവ് ഫാമിന് പുത്തൻ പ്രതീക്ഷകൾ നൽകുന്നുണ്ട്.
പ്രതിരോധം ഒരുക്കിയിട്ടുണ്ടെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം തുടരുകയാണ്. കൃഷിയിടത്തിന് ചുറ്റും നിർമിച്ച സോളാർ വേലി മരം മറിച്ചിട്ട് തകർത്ത ശേഷം കൃഷിയിടത്തിൽ പ്രവേശിക്കുന്ന ആനകൾ വ്യാപക നാശമാണ് ഫാമിലുണ്ടാക്കുന്നത്.
ഫാമിന്റെ പ്രതാപ കാലഘട്ടങ്ങളിൽ ഏറ്റവും അധികം നല്ലയിനം തെങ്ങുകൾ വളർന്നിരുന്ന അണുങ്ങോട് മേഖല പൂർണമായും ആനകൾ നശിപ്പിച്ചത് ഫാമിന് കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കൃഷി നാശം നേരിട്ട 100 ഏക്കർ ഭൂമി സോളാർ വേലി നിർമിച്ച് സംരക്ഷിച്ച് ശേഷമാണ് സമ്മിശ്ര കൃഷികൾ പരീക്ഷിക്കുന്നത്.