ട്രൈപോഡിലൂടെ രക്ഷാപ്രവർത്തനം; അശോകന് സ്വപ്നസാക്ഷാത്കാരം
1496429
Sunday, January 19, 2025 1:34 AM IST
ബിജു പാരിക്കാപ്പള്ളി
ഇരിട്ടി: ഇന്നലെ മുണ്ടന്നൂരിൽ കിണറ്റിൽ അകപ്പെട്ട ഗർഭിണിയായ പശുവിനെ വെളിയിൽ എടുക്കുമ്പോൾ ഇരിട്ടിയിലെ അഗ്നിരക്ഷാ സേനയിലെ ഓരോ അംഗങ്ങൾക്കും അഭിമാന നിമിഷമായിരുന്നു. തങ്ങളുടെ സഹപ്രവർത്തകനും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറുമായ എൻ.ജി. അശോകന്റെ പുതിയ കണ്ടുപിടിത്തതിന്റെ ആദ്യ പരീക്ഷണം കൂടിയായിരുന്നു. അഗ്നിരക്ഷാ സേനയിൽ കഴിഞ്ഞ 30 വർഷമായി അംഗമായ ഇരിട്ടി സ്വദേശിയായ അശോകൻ തന്റെ ജോലിയിൽ നിന്നുള്ള അനുഭവമാണ് ഇത്തരം ഒരു ഉപകരണം വികസിപ്പിക്കുന്നതിലേക്ക് ചിന്തിപ്പിച്ചത്. പശു ഉൾപ്പെടെയുള്ള വലിയ ജീവികൾ കിണർ, ആഴമുള്ള കുഴികൾ എന്നിവടങ്ങളിൽ അകപ്പെട്ടാൽ മുകളിൽ എത്തിക്കുന്നതിനുള്ളിൽ പാർശ്വഭിത്തികളിലും മറ്റും ഉരഞ്ഞ് തൊലി പോകുകയും പരിക്കേൽക്കുന്നതും പതിവാണ് .
കൂടാതെ ഭാരമുള്ള വസ്തുക്കൾ വലിച്ച് കയറ്റുമ്പോൾ സേനയിൽ ഉൾപ്പെടെ പലർക്കും പരിക്കേൽക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. ഇതിനെല്ലാം പ്രതിവിധിയാണ് അശോകന്റെ പുതിയ കണ്ടുപിടിത്തം. പലപ്പോഴായി പലരീതികളിൽ ചിന്തിച്ച് സുഹൃത്തായ വർക്ക് ഷോപ്പ് ഉടമയുടെ സഹായത്തോടെയാണ് ട്രൈപോഡിന്റെ നിർമാണം പൂർത്തിയാക്കിയത്. അപകടത്തിൽപ്പെടുന്നവരെ വളരെ എളുപ്പം മുകളിലെത്തിക്കാൻ കഴിയുന്ന ഉപകരണത്തെക്കുറിച്ചുള്ള ആലോചനയുടെ ആരംഭം മുതൽ അശോകന്റെ ഒപ്പം ഫയർ ആൻഡ് റിസ്ക്യൂ ഓഫിസർ ഡ്രൈവർ ( ഇപ്പോൾ പേരാവൂർ നിലയത്തിൽ ) ജിതിൻ ശശീന്ദ്രനും ഒപ്പമുണ്ടയിരുന്നു.
ട്രൈപോഡിന്റെ
പ്രവർത്തനം
ഭാരിച്ച നിർമാണ ചെലവൊന്നും ഇല്ലാത്ത ട്രൈപോഡ് മൂന്ന് ഇരുമ്പ് പൈപ്പുകളിലാണ് ഉറപ്പിക്കുന്നത്. കിണറിന്റെ മുകളിൽ ഉറപ്പിച്ച ട്രൈപോഡിൽ മൂന്നും രണ്ടും പുള്ളികളുള്ള രണ്ട് കപ്പികൾ ഉറപ്പിച്ച ശേഷം നീളമുള്ള വലിയ കയർ കപ്പിയിലൂടെ കടത്തിവിടും . അതിന് ശേഷം അപകടത്തിൽപ്പെട്ട ജീവിയുടെ ശരീരത്തിൽ ഘടിപ്പിച്ച ബെൽറ്റുമായി കയർ ബന്ധിപ്പിക്കും. കിണറിന് നടുവിലൂടെ ട്രൈപോഡിലെ കയറിലൂടെ വളരെ എളുപ്പത്തിൽ ജീവിയെ വലിച്ച് മുകളിൽ എത്തിച്ച ശേഷം സുരക്ഷിതമായ സൈഡിലേക്ക് വലിച്ചടുപ്പിക്കാൻ കഴിയും. കപ്പി ഉപയോഗിച്ച് വലിച്ചുകയറ്റുന്നതുകൊണ്ട് വസ്തുവിന്റെ യഥാർഥ ഭാരത്തിന്റെ നാലിലൊന്ന് ഭാരം മാത്രമാണ് അനുഭവപ്പെടുക.
ഇന്നലെ മുണ്ടന്നൂരിൽ നിന്നും ട്രൈപോഡ് ഉപയോഗിച്ച് യാതൊരു പരിക്കകളും ഇല്ലാതെ രക്ഷിച്ച ഗർഭിണി പശുവിന് രണ്ട് ക്വിന്റലിന് മുകളിൽ ഭാരം വരും. ആയികം കിലോ ഭാരം വരെ ട്രൈപോഡ് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഉയർത്താമെന്നാണ് അശോകൻ പറയുന്നത്. അതായത് ചെറിയ കാറുകൾ വരെ വളരെ എളുപ്പത്തിൽ ഉയർത്താം.