പോലീസ് ഉദ്യോഗസ്ഥർക്കു നേരെ യുവാക്കളുടെ പരാക്രമം; ഒരാൾ അറസ്റ്റിൽ
1496992
Tuesday, January 21, 2025 1:03 AM IST
ഇരിട്ടി: എൻഡിപിഎസ് സ്പെഷൽ ഡ്രൈവുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കിടയിൽ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോളിക്കടവ് സ്വദേശി ഷാജനെയാണ്(39) ആറളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 ഓടെയാണ് കേസിനാസ്പദമായ സംഭവം.
എടൂർ പെട്രോൾ പമ്പിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് സംശയാസ്പദമായ രീതിയിൽ കണ്ട രണ്ടുപരെ ചോദ്യം ചെയ്തപ്പോഴാണ് സീനിയർ സിവിൽ പോലീസ് ഓഫീസർ സോജി അഗസ്റ്റിൻ, എസ്ഒജി വി.എൽ. സെബാസ്റ്റ്യൻ എന്നിവർക്കുനേരെ കോളിക്കടവ് സ്വദേശികളായ ഷാജൻ (39), സുബിത്ത് (35) എന്നിവർ ചേർന്ന് കൈയേറ്റം ചെയ്തത്. പോലീസിനെ തടഞ്ഞുവച്ച് ചീത്തവിളിക്കുകയും കൈയേറ്റം ചെയ്യുകയും ജോലി തടസപ്പെടുത്തുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തത്.
സംശയകരമായ സഹചര്യത്തിൽ കണ്ട ഇരുവരെയും മഫ്തിയിലെത്തിയ പോലീസ് ഐഡി കാർഡ് കാണിച്ച ശേഷം രാത്രി വൈകി അവിടെ എന്തിനാണ് ഇരിക്കുന്നതെന്ന് തിരക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. കൈയേറ്റത്തിന് ശേഷം ഇരുവരും ബൈക്കുമായി സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.
ബൈക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ ഷാജനെ പോലീസ് പിടികൂടുകയായിരുന്നു. ഇരിട്ടി പോലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത് ഉൾപ്പെടെ കാപ്പാ കേസിലെ പ്രതിയാണ് പിടികൂടാനുള്ള സുബിത്ത്. അറസ്റ്റിലായ ഷാജനെ കോടതി റിമാൻഡ് ചെയ്തു.