യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
1496704
Monday, January 20, 2025 12:02 AM IST
കുടിയാന്മല: കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ വലിയഅരീക്കമലയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വലിയഅരീക്കമല ചപ്പിലി വീട്ടിൽ സി.കെ. അനീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാവിലെ ബന്ധുവീടിന്റെ വരാന്തയിലാണ് മൃതദേഹം കാണപ്പെട്ടത്.
തലയിലും മുഖത്തും മുറിവുകളോടെ ചോര വാർന്ന നിലയിലായിരുന്നു മൃതദേഹം. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് കുടിയാന്മല പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ പോലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക തെളിവെടുപ്പിൽ കൊലപാതകമാണോയെന്നതിൽ സ്ഥിരീകരണമായിട്ടില്ല. ഇൻക്വസ്റ്റിനു ശേഷം മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടം നടത്തിയ ശേഷമേ യഥാർഥ മരണ കാരണം വ്യക്തമാകൂവെന്നു പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം തുടങ്ങി. ചപ്പിലി കുഞ്ഞിരാമൻ-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ: ദീപ. മക്കൾ: അശ്വതി, അർച്ചന. സഹോദരങ്ങൾ: നിഷ, അനീവ്. ഇന്ന് പോസ്റ്റ്മോർട്ടം നടത്തുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം സംസ്കരിക്കും.