റബറിന് 250 രൂപ അടിസ്ഥാന വില നിശ്ചയിക്കണം; മന്ത്രിക്ക് നിവേദനം
1496980
Tuesday, January 21, 2025 1:03 AM IST
ചെമ്പേരി: റബറിന് കിലോഗ്രാമിന് 250 രൂപ അടിസ്ഥാന വില നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ്, ശ്രീകണ്ഠപുരം, ഇരിട്ടി മേഖലകളിലെ ഇരുനൂറിൽപരം റബർ ഉത്പാദക സംഘങ്ങൾ (ആർപിഎസ്) സംയുക്തമായി കൃഷി മന്ത്രി പി.പ്രസാദിന് നിവേദനം നൽകി.
കൃഷി വകുപ്പിന്റെ പഠനത്തിൽ റബറിന്റെ ഉത്പാദന ചെലവ് കിലോഗ്രാമിന് മുന്നൂറ് രൂപയിലേറെയായി വർധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കർഷകർക്ക് വിപണിയിൽ ലഭിക്കുന്ന വില കിലോഗ്രാമിന് ഇരുനൂറ് രൂപയിലും കുറവാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ റബർ ഉത്പാദനം ഒട്ടുംതന്നെ ആദായകരമല്ലാതെ കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതിനാൽ റബർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്നും നിവേദനത്തിൽ പറയുന്നു.
റബറിന്റെ വിലയിടിവ് മൂലം സംസ്ഥാനത്തെ റബർ കർഷകർ കടുത്ത സാമ്പത്തിക ദുരിതത്തിലാണെന്നും കർഷകർ മന്ത്രിയെ ബോധ്യപ്പെടുത്തി.
എൻഎഫ്ആർപിഎസ് തളിപ്പറമ്പ് മേഖല പ്രസിഡന്റ് സാജു ആന്റണി, ഇരിട്ടി മേഖല പ്രസിഡന്റ് ജോസഫ് നമ്പുടാകം, ശ്രീകണ്ഠപുരം മേഖല പ്രസിഡന്റ് കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഇരിക്കൂറിൽ കർഷക സംഗമിത്തനെത്തിയ മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.