ചിറവക്കിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുന്നു ; ഗതാഗതക്കുരുക്ക് !
1496440
Sunday, January 19, 2025 1:35 AM IST
തളിപ്പറമ്പ്: ചിറവക്കിൽ ട്രാഫിക്ക് സിഗ്നൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തളിപ്പറമ്പ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി തീരുമാനം മറികടന്ന് ബസുകൾ സംസ്ഥാന പാതയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് ഗതാഗത തടസത്തിനിടയാക്കുന്നു. ബസ് സ്റ്റോപ്പ് മാറ്റിയതറിയാതെ യാത്രക്കാർ പഴയ സ്റ്റോപ്പിൽ തന്നെ ബസ് കാത്തുനിൽക്കുന്നതാണ് പ്രശ്നങ്ങൾക്കിടയാക്കുന്നത്.
നഗരത്തെ തന്നെ നിശ്ചലമാക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായാണ് തളിപ്പറമ്പ് നഗരസഭ ദേശീയപാത ചിറവക്കിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് സിഗ്നൽ സ്ഥാപിച്ചെങ്കിലും ശ്രീകണ്ഠപുരം, ആലക്കോട് ഭാഗത്തേക്കും പയ്യന്നൂർ ഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ മാറ്റാത്തതിനാൽ പ്രവർത്തന സജ്ജമാക്കാൻ മാസങ്ങൾ വൈകിയിരുന്നു. ഒടുവിൽ സ്പോൺസർമാരെ കണ്ടെത്തി ബസ് ഷെൽട്ടറുകൾ മാറ്റി സ്ഥാപിച്ച് ബസ് സ്റ്റോപ്പുകൾ മാറ്റിയതിന് ശേഷമാണ് സിഗ്നൽ പ്രവർത്തിപ്പിച്ച് തുടങ്ങിയത്.
ഇതോടെ ഗതാഗതക്കുരുക്കിന് പരിഹാരമായെങ്കിലും ശ്രീകണ്ഠപുരം, ആലക്കോട് ഭാഗത്തേക്കുള്ള ബസുകൾ സംസ്ഥാനപാതയിലെ പഴയ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നത് സിഗ്നൽ കടന്നുവരുന്ന വാഹനങ്ങൾക്ക് പോകാൻ പറ്റാത്ത സ്ഥിതിയുണ്ടാക്കുകയും മറ്റു ഭാഗത്തേക്കുള്ള വാഹനങ്ങൾ ഉൾപ്പെടെ കുരുക്കിൽപ്പെടുകയുമാണ്. യാത്രക്കാർ ഇപ്പോഴും പുതിയ സ്റ്റോപ്പ് അവഗണിച്ച് പഴയ സ്ഥലത്തു നിൽക്കുന്നതാണ് അവിടെ നിർത്തേണ്ടി വരുന്നതെന്നാണ് ബസ് തൊഴിലാളികൾ പറയുന്നത്.
വിഷയം നേരത്തെ തന്നെ ശ്രദ്ധയിൽപ്പെട്ട് ക്രമീകരണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്താനും ബസ് സ്റ്റോപ്പ് മാറ്റിയതുമായി ബന്ധപ്പെട്ട് ബോർഡ് സ്ഥാപിക്കാനും ഹോം ഗാർഡിന്റെ സേവനം പ്രയോജനപ്പെടുത്തി യാത്രക്കാരോട് സ്റ്റോപ്പ് മാറ്റിയ കാര്യം ബോധ്യപ്പെടുത്താനും ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാൽ, ഇത് നടപ്പിലാക്കുന്നതിൽ അലംഭാവം കാണിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്. തീരുമാനങ്ങൾ നടപ്പിലാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിരമായി ഇടപെട്ട് ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് തളിപ്പറമ്പ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ ആവശ്യപ്പെട്ടു.