ട്രെയിനിന് മുകളിൽ കയറി സെൽഫിയെടുക്കുന്നതിനിടെ ഷോക്കേറ്റ വിദ്യാർഥി മരിച്ചു
1496373
Saturday, January 18, 2025 10:08 PM IST
കണ്ണൂർ: നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കാട്ടാമ്പള്ളി കൊല്ലറത്തിക്കലെ ദാറുൽ ഹസാനത്തിൽ കെ.നിഹാലാണ്(16) മരിച്ചത്.
ഇക്കഴിഞ്ഞ എട്ടിന് രാത്രി എട്ടോടെ വളപട്ടണം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിൽ കയറാൻ ശ്രമിക്കുന്നതിനിടയിൽ അബദ്ധത്തിൽ ലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇലക്ട്രീഷ്യൻ നൗഷാദിന്റെയും കൊല്ലറത്തിക്കലെ നസീമയുടെയും മകനാണ്. സഹോദരങ്ങൾ: നിമ, നബ.