തനിച്ച് താമസിക്കുന്ന വയോധികയ്ക്കു നേരെ ആക്രമണം; അതിഥി തൊഴിലാളിയെ കാൺമാനില്ല
1496434
Sunday, January 19, 2025 1:35 AM IST
തലശരി: വാടക ക്വാർട്ടേഴ്സിൽ തനിച്ചു താമസിക്കുന്ന വയോധികയ്ക്കു നേരെ ആക്രമണം. എര ഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് കാരാട്ട്കുന്ന് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തലശേരി ജനറൽ ആശുപത്രിയിലെ റിട്ട. നഴ്സിംഗ് അസിസ്റ്റന്റ് സുഗതകുമാരിയെയാണ് (58) മുഖത്തും നെറ്റിയിലും പരിക്കേറ്റ് അബോധാവസ്ഥയിൽ കിടപ്പുമുറിയിൽ കണ്ടെത്തിയത്.
ഗുരുതര പരിക്കേറ്റ ഇവരെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെറ്റിയിലും മുഖത്തും ആഴത്തിലുള്ള പരിക്കുണ്ട്. താടിയെല്ല് പൊട്ടുകയും പല്ലുകൾ ഇളകിയ നിലയിലുമാണ്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
സുഹൃത്ത് സൈദാർപള്ളി സ്വദേശി ഷരീഫ രാവിലെ ക്വാർട്ടേഴ്സിൽ വന്നപ്പോഴാണ് മാരകമായി പരിക്കേറ്റ് ചോരവാർന്ന നിലയിൽ സുഗതകുമാരിയെ കണ്ടത്. ശനിയാഴ്ച്ച രാവിലെ ഏഴിന് ആശുപത്രിയിൽ പോകാനായി പുറപ്പെടുമെന്ന് സുഗതകുമാരി വെള്ളിയാഴ്ച്ച രാത്രി ഷരീഫയെ അറിയിച്ചിരുന്നു. എന്നാൽ ശനിയാഴ്ച്ച രാവിലെ ഫോൺ വിളിച്ചിട്ട് പ്രതികരിച്ചില്ലെന്നും പറഞ്ഞസമയം കഴിഞ്ഞും എത്താത്തതിനാൽ ഷരീഫ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് ആക്രമണ വിവരം പുറത്തറിയുന്നത്.
മോഷണശ്രമത്തിനിടെയാവാം ആക്രമണം നടന്നതെന്ന് സംശയിക്കുന്നതായി ധർമടം പോലീസ് പറഞ്ഞു. സംഭവം നടന്ന കാരാട്ട്കുന്നിലെ വാടക ക്വാർട്ടേഴ്സിൽ ഡോഗ് സ്ക്വാഡും വിരലളടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ എത്തി പരിശോധന നടത്തി.
പ്രതിയെന്ന് സംശയിക്കുന്ന തൊട്ടടുത്ത് താമസിക്കുന്ന മറുനാടൻ തൊഴിലാളി കടന്നുകളഞ്ഞതായും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും ധർമടം പോലീസ് അറിയിച്ചു.