ഉദയഗിരി മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷം
1496984
Tuesday, January 21, 2025 1:03 AM IST
മണക്കടവ്: ഉദയഗിരി പഞ്ചായത്തിലെ മണക്കടവ്, ചീക്കാട്, മൂരിക്കവ്, മാമ്പൊയിൽ, മധുവനം, അരിവിളഞ്ഞ പൊയിൽ, ശാന്തിപുരം മേഖലയിൽ വന്യമൃഗശല്യം രൂക്ഷമായത് കർഷകരെ ദുരിതത്തിലാഴ്ത്തുന്നു. നിരവധി കൃഷിക്കാരുടെ കപ്പ, ചേന, ചേമ്പ്,തെങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിച്ചത്.
മധുവനത്തെ പാറയിൽ പ്രീയന്റെ വിളവെടുക്കാനായ കപ്പ കാട്ടുപന്നി കൂട്ടം നശിപ്പിച്ചു. കർണാടക വനത്തിൽ നിന്ന് എത്തുന്ന കാട്ടുപന്നിക്കൂട്ടം ഇതിന് മുൻപ് നിരവധി തവണ പ്രീയന്റെ കൃഷിയിടത്തിലെ ചേമ്പും കപ്പയുമടക്കമുള്ള വിളകളും നശിപ്പിച്ചിരുന്നു. വന്യ മൃഗശല്യത്തിൽ നിന്ന് കർഷകരുടെ വിളകൾ സംരക്ഷിക്കാൻ പഞ്ചായത്തും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായും ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.