ദേശീയപാത നിർമാണത്തിന് വാടകയ്ക്ക് എത്തിച്ച ക്രെയിൻ കടത്തിക്കൊണ്ടുപോയി
1496990
Tuesday, January 21, 2025 1:03 AM IST
തളിപ്പറമ്പ്: കുപ്പത്ത് ദേശീയപാത നിര്‍മാണത്തിനായി ഉപയോഗിച്ചുകൊണ്ടിരിക്കേ തളിപ്പറന്പ് കുപ്പത്തുനിന്ന് കാണാതായ ക്രെയിൻ കോട്ടയം രാമപുരത്ത് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ക്രെയിനിന്റെ ഉടമയും സഹായിയും അറസ്റ്റിലായി. ക്രെയിൻ മോഷണം പോയതായുള്ള പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് നിർമാണ കന്പനിക്ക് വാടകയ്ക്ക് ക്രെയിൻ നൽകിയ ഉടമ എരുമേലി സ്വദേശി മാർട്ടിൻ എന്നയാളെയും സഹായിയേയും പോലീസ് അറസ്റ്റുചെയ്തത്.
18ന് രാത്രി11 വരെ പ്രവർത്തിപ്പിച്ചിരുന്ന 25 ലക്ഷം രൂപ വിലവരുന്ന എസിഇ കമ്പനിയുടെ 2022 മോഡല്‍ കെ.എല്‍- 86 എ-9695 ക്രെയിനാണ് കുപ്പം ദേശീയപാതയോരത്തുനിന്ന് രണ്ടംഗസംഘം കടത്തിക്കൊണ്ടുപോയത്. കുപ്പം എംഎംയുപി സ്കൂള്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്ത ശേഷം ഓപ്പറേറ്റര്‍ ഉറങ്ങാന്‍ പോയതായിരുന്നു.
രാവിലെ ഏഴോടെ അടുത്ത ഷിഫ്റ്റിലെ ഓപ്പറേറ്റര്‍ എത്തിയപ്പോൾ ക്രെയിന്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സൈറ്റ് ഓഫീസില്‍ വിവരമറിയിച്ച് ഒരു കിലോമീറ്ററോളം പ്രദേശത്ത് നടന്നു പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സൈറ്റ് എൻജിനിയര്‍ ചെങ്ങന്നൂര്‍ സ്വദേശി സൂരജ് സുരേഷ് തളിപ്പറമ്പ് പോലീസിൽ പരാതി നല്‍കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ടംഗ സംഘം ക്രെയിൻ തളിപ്പറന്പ് ഭാഗത്തേക്ക് ഓടിച്ചു കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നു വരുന്നതിനിടെയാണ് ഇന്നലെ വൈകുന്നേരത്തോടെ ക്രെയിൻ കോട്ടയം ജില്ലയിലെ രാമപുരത്ത് കണ്ടെത്തിയത്.
മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ക്രെയിൻ നേരത്തെയും മേഘ കൺസ്ട്രക്ഷൻ കന്പനി വാടകയ്ക്ക് എടുത്തിരുന്നു. ദേശീയ പാത നിർമാണ പ്രവൃത്തിക്കിടെ ഉണ്ടായ അപകടത്തിൽ ക്രെയിന്‍ കേടുപാടുകൾ സംഭവിച്ചിരുന്നു.
ഉടമയും നിർമാണ കന്പനിയും തമ്മിൽ ഇക്കാര്യത്തിൽ അസ്വരസ്യങ്ങളുണ്ടായതായും പറയുന്നു. ഇതേത്തുടർന്നുള്ള പ്രശ്നങ്ങളാണ് ക്രെയിൻ കടത്തിക്കൊണ്ടുപോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തളിപ്പറന്പ് പോലീസ് രാമപുരത്തേക്ക് തിരിച്ചിട്ടുണ്ട്.