കടം വാങ്ങിയ സ്വർണം തിരികെ നൽകാൻ വീട്ടമ്മയുടെ മാലപൊട്ടിച്ചോടിയ യുവാവ് പിടിയിൽ
1496439
Sunday, January 19, 2025 1:35 AM IST
വെള്ളരിക്കുണ്ട്: മറ്റൊരു യുവതിയിൽ നിന്ന് കടം വാങ്ങിയ സ്വർണം തിരികെ നല്കുന്നതിന് വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചോടിയ യുവാവ് അറസ്റ്റിൽ. മാലോം ചുള്ളി നായ്ക്കർ വീട്ടിലെ ഷാജി (30) യെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്.
തോട്ടിൽ തുണി കഴുകുകയായിരുന്ന മാലോം കാര്യോട്ട് ചാലിലെ അരുൺ ജോസിന്റ ഭാര്യ മഞ്ജുവിന്റെ മാലയാണ് ഇയാൾ പൊട്ടിച്ചോടിയത്. കഴിഞ്ഞ സെപ്റ്റംബർ 23 ന് രാവിലെ പത്തേടെയായിരുന്നു സംഭവം. തോട്ടിൽ മീൻ പിടിക്കാനെന്ന മട്ടിൽ എത്തിയാണ് ഷാജി യുവതിയുടെ കഴുത്തിൽ നിന്ന് ഒരു പവൻ വരുന്ന സ്വർണമാല പൊട്ടിച്ച് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ ഏകദേശ രൂപമടക്കമുള്ള വിവരങ്ങൾ മഞ്ജു അപ്പോൾതന്നെ വെള്ളരിക്കുണ്ട് പോലീസിന് നൽകിയിരുന്നു. പോലീസിന്റെ മൂന്ന് മാസത്തെ പ്രയത്നത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. പരിചയക്കാരിയായ മറ്റൊരു യുവതിയിൽ നിന്ന് കടംവാങ്ങിയ സ്വർണമാല ഷാജി ഒരു ധനകാര്യസ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്നു. അവധി കഴിഞ്ഞിട്ടും ഇത് തിരിച്ചെടുക്കാൻ കഴിയാതായതോടെയാണ് മോഷണത്തിന് പദ്ധതിയിട്ടത്. മഞ്ജുവിന്റെ കഴുത്തിൽനിന്ന് പൊട്ടിച്ചെടുത്ത മാല മാലക്കല്ലിലെ ഒരു ജ്വല്ലറിയിൽ വിൽക്കുകയും പകരം മുക്കാൽ പവൻ വരുന്ന മറ്റൊരു സ്വർണമാല വാങ്ങി പരിചയക്കാരിയായ യുവതിക്ക് നൽകുകയുമായിരുന്നു.
പിടിയിലായ ഷാജിയെ മാലക്കല്ലിലെ ജ്വല്ലറിയിൽ എത്തിച്ച് മോഷ്ടിച്ച മാല ഉരുക്കിയ നിലയിൽ കണ്ടെടുത്തു. വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി.കെ. മുകുന്ദൻ, എസ്ഐമാരായ അരുൺ മോഹൻ, രാജൻ, എഎസ്ഐമാരായ കെ. പ്രേമരാജൻ, എം.ടി.പി. നൗഷാദ്, സിവിൽ പോലീസ് ഓഫീസർ എം. അനൂപ്, ഡ്രൈവർ രഞ്ജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.