ഒരു രൂപയ്ക്ക് ഷൂ ഓഫർ; കിട്ടിയത് ലാത്തിയടി
1496723
Monday, January 20, 2025 1:02 AM IST
കണ്ണൂർ: പഴയ ഒരു രൂപ നോട്ടുമായി എത്തിയാൽ മികച്ച കന്പനിയുടെ ഷൂവുമായി മടങ്ങാമെന്ന മോഹന വാഗ്ദാനത്തിൽ കണ്ണൂരിലെത്തിയവർ ഒടുവിൽ ഷൂവിന് പകരം പോലീസിന്റെ ലാത്തിയടിയേറ്റ് മടങ്ങേണ്ടി വന്നു. ഇന്നലെ നഗരത്തിൽ ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഫൂട്വേർ കടയുടെ നവമാധ്യമങ്ങളിൽ വന്ന പരസ്യമായിരുന്നു യുവാക്കൾ ഉൾപ്പടെയുള്ളവരെ അതിരാവിലെ തന്നെ ഒരു രൂപ നോട്ടുകളുമായി നഗരത്തിലെത്തിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജില്ലക്ക് പുറത്തുനിന്നും വരെ ആളുകൾ എത്തിയിരുന്നു. കടയുടെ ഉള്ളിൽ കയറിപ്പറ്റാനുള്ള തിരക്ക് ഉന്തിലും തമ്മിൽ തല്ലിലും കലാശിച്ചു.
ഇതിനിടെ കാൾടെക്സ് ജംഗ്ഷനിലും പരിസരത്തും വൻ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. ഇതോടെ പോലീസ് രംഗത്തെത്തി തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. പലരും പോലീസിനോടും കൊന്പു കോർത്തു.
ഗത്യന്തരമില്ലാതെ പോലീസ് ലാത്തി വീശി ആളുകളെ പിരിച്ചുവിടുകയായിരുന്നു. തിരക്ക് നിയന്ത്രിക്കാനാകാത്തതിനെ തുടർന്ന് കട താത്കാലികമായി പോലീസ് അടപ്പിക്കുകയും ചെയ്തു. ഇതോടെ ഒരു രൂപയ്ക്ക് ഷൂ വാങ്ങിക്കാനെത്തിയ പലരും ഷൂവിന് പകരം ലാത്തിയടിയേറ്റ പാടുകളുമായാണ് വീടുകളിലേക്ക് മടങ്ങിയത്.