കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടം സമയബന്ധിതമായി നടപ്പാക്കണം: കടന്നപ്പള്ളി രാമചന്ദ്രന്
1496431
Sunday, January 19, 2025 1:35 AM IST
കണ്ണൂർ: കാനാമ്പുഴ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാംഘട്ടം സമയബന്ധിതമായി നടപ്പാക്കാന്‍ കൂട്ടായ പരിശ്രമം വേണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പറഞ്ഞു. കാനാമ്പുഴ പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തനം സംബന്ധിച്ച് കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഉത്തരവാദിത്തത്തോടെ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപീകരിച്ച പ്രാദേശിക സന്നദ്ധ സമിതികളെ ജാഗ്രതാ സമിതികളായി നിലനിര്‍ത്താന്‍ യോഗം തീരുമാനിച്ചു. കാനാമ്പുഴ പുനരുജ്ജീവന പദ്ധതി യാഥാർഥ്യമാക്കാന്‍ പ്രവര്‍ത്തിച്ച ജലസേചന വകുപ്പ് അസി. എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ഏലിയാമ്മ തോമസ്, അസി. എന്‍ജിനിയര്‍ പി.പി. അഞ്ജന എന്നിവര്‍ക്ക് കാനാമ്പുഴ സംരക്ഷണ സമിതിയുടെ ഉപഹാരം മന്ത്രി സമ്മാനിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഹരിതകേരള മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ.കെ. സോമശേഖരന്‍, മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എൻജിനിയര്‍ ഷിബു ജോര്‍ജ്, ഹരിത കേരള മിഷന് ആര്.പി. ജയപ്രകാശ്, കാനാമ്പുഴ അതിജീവന സമിതി കണ്‍വീനര്‍ എന്‍. ചന്ദ്രന്, കൗണ്‍സിലര്‍മാരായ കെ. നിര്‍മല, എസ്. ഷഹീദ, ടെക്നിക്കല്‍ അസിസ്റ്റന്റ് വി.കെ അഭിജാത്, കാനാമ്പുഴ അതിജീവന സമിതി അംഗങ്ങളായ എം.പി. രതീശന്, എന്‍. ബാലകൃഷ്ണന്, കെ.പി. രജനി, കെ.വി. അനിത, കെ.എന്‍. മിനി, എം.എന്‍. ജനാര്ദനന്, കെ. ബഷീര്‍, എം.കെ. രത്നാകരന്, കെ. നാരായണന്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.