നവജാതശിശുവിന്റെ ശരീരത്തിൽ സൂചി തുളച്ചുകയറിയ സംഭവത്തിൽ കേസെടുത്തു
1496989
Tuesday, January 21, 2025 1:03 AM IST
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രതിരോധ കുത്തിവയ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പരിയാരം പോലീസ് കേസെടുത്തു. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും എതിരെയാണ് കേസ്. പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ നിന്ന് പ്രതിരോധ കുത്തിവയ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പെരിങ്ങോം താഴത്തെവീട്ടില്‍ ടി.വി.ശ്രീജു നൽകിയ പരാതിയിലാണ് കേസ്.
ചികിത്സയിലെ ഗുരുതര പിഴവ് ആരോപിച്ച് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 25 ദിവസം പ്രായമുള്ള കുട്ടിയുടെ തുടയില്‍ പഴുപ്പ് കണ്ടതോടെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് 3.7 സെന്റീമീറ്റര്‍ നീളമുള്ള സൂചി പുറത്തെടുത്തത്. .
2024 ഡിസബര്‍ 22 നാണ് കുട്ടിയുടെ അമ്മയെ പ്രസവത്തിനായി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തത്. 24ന് ജനിച്ച പെണ്‍കുട്ടിക്ക് രണ്ടാം ദിവസം നല്കിയ കുത്തിവയ്പിന് ശേഷമാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും രണ്ടുതവണ മെഡിക്കല്‍ കോളജില്‍ തന്നെ കാണിച്ചിട്ടും തുടയിലെ പഴുപ്പ് കുറയാതിരുന്നതോടെയാണ് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചതെന്നും ശ്രീജു പറഞ്ഞു.
ഡിസംബര്‍ 25 ന് രണ്ട് വാക്സിന് എടുത്തശേഷം ഡിസ്ചാര്‍ജ് ചെയ്തു. പിന്നിട് കുത്തിവച്ച സ്ഥലത്ത് കുരുപോലെ വന്ന് പഴുക്കാന്‍ തുടങ്ങി. മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മരുന്ന് നൽകി വിടുകയായിരുന്നുവെന്നും പരാതിയിലുണ്ട്.
കുരു വലുതാകുകയും കുട്ടി അസഹ്യമായ വേദനയോടെ കരയുകയും ചെയ്തതോടെയാണ് സ്വകാര്യ ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ കാണിച്ച് പഴുപ്പ് കുത്തിയെടുക്കുന്നതിനിടെ സൂചി പുറത്തുവന്നത്. ഡിസംബര്‍ 24 ന് വാക്സിനേഷന് സമയത്ത് അമ്മയുടെ കൈയിൽനിന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടുപോയി വാക്സിനെടുത്തശേഷം തിരിച്ചുകൊണ്ടുവരുകയായിരുന്നുവെന്നും കൈക്കും കാലിനുമാണ് വാക്സിനെടുത്തതെന്നായിരുന്നു ആശുപത്രിയിലുള്ളവർ അറിയിച്ചിരുന്നതെന്നും ശ്രീജു പറഞ്ഞു.
അതേസമയം നവജാത ശിശുക്കളുടെ തുടയുടെ മുന്‍ഭാഗത്ത് പ്രതിരോധ കുത്തിവയ്പ് എടുക്കാനിടയില്ലെന്നും ഇത്രയും നീളമുളള സൂചി പ്രതിരോധ കുത്തിവയ്പിന് ഉപയോഗിക്കാറില്ലെന്നുമാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് അധികൃതർ നൽകുന്ന വിശദീകരണം. പരാതി സംബന്ധിച്ച് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെട്ട നാലംഗ സമിതി അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപ് അറിയിച്ചു.
നടപടിയില്ലെങ്കിൽ
പ്രക്ഷോഭമെന്ന് ബിജെപി
പ്രതിരോധ കുത്തിവയ്പെടുത്ത നവജാത ശിശുവിന്റെ തുടയില്‍ സൂചി തറച്ചുകയറിയ നിലയില്‍ കണ്ട സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി കണ്ണൂർ ജില്ല പ്രസിഡന്റ് എൻ. ഹരിദാസ്. കമ്മീഷൻ കൈപ്പറ്റാനായി ഗുണമേന്മ കുറഞ്ഞ ഉപകരണങ്ങൾ വാങ്ങുന്നതിന്റെ ഉദാഹരണമാണ് സൂചി ഒടിഞ്ഞ് കുഞ്ഞിന്റെ ശരീരത്തിൽ കയറിയത്.
അതിനിടെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളജിലെത്തിയ എൻ. ഹരിദാസിനെയും സംഘത്തെയും സെക്യൂരിറ്റി ജീവനക്കാർ തടഞ്ഞത് വാക്കേറ്റത്തിന് ഇടയാക്കി. ഒടുവിൽ പ്രിൻസിപ്പൽ സ്ഥലത്തില്ലാത്തതിനാൽ വൈസ് പ്രിൻസിപ്പൽ ഡോ ഷീബ ദാമോദറിനെ കണ്ട് ബിജെപി നേതാക്കൾ വിഷയം അവതരിപ്പിക്കുകയും നിവേദനം നൽകുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം സി. നാരായണ, ബിജെപി ജില്ലാ സെൽ കോ-ഓർഡിനേറ്റർ ഗംഗാധരൻ കാളീശ്വരം, കെ.ജി. സന്തോഷ് കുമാർ, ജില്ലാ കമ്മിറ്റി അംഗം രമാ സനൽ കുമാർ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് പ്രസന്ന മുളപ്ര , ടി.വി. സ്വരാജ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.