കരുവഞ്ചാൽ പുതിയ പാലത്തിന്റെ പണി വീണ്ടും നിലച്ചു
1496975
Tuesday, January 21, 2025 1:03 AM IST
കരുവഞ്ചാൽ: അവസാനഘട്ട പ്രവൃത്തികള്‍ മാത്രം ബാക്കി നിൽക്കെ പുതുതായി നിർമിക്കുന്ന കരുവഞ്ചാലില്‍ പാലത്തിന്റെ പണി വീണ്ടും നിലച്ചു. പുതുവർഷത്തില്‍ പാലം പണി പൂർത്തീകരിക്കാതെ ഗതാഗത്തിന് താത്കാലികമായി തുറന്നുകൊടുത്തിരുന്നു. ഏഴ് പതിറ്റാണ്ട് പഴക്കമുള്ളതും വീതി കുറഞ്ഞതുമായ കരുവഞ്ചാല്‍, ആലക്കോട് പാലങ്ങള്‍ തകർച്ചാ ഭീഷണിയിലായതിനെത്തുടർന്ന് പുതിയ പാലങ്ങള്‍ പണിയണമെന്ന ആവശ്യം ശക്തായമായതോടെയാണ് പുതിയ പാലങ്ങളുടെ പണി ആരംഭിച്ചത്.
ആലക്കോട് പുതിയ പാലത്തിന്റെ പണി പൂർത്തിയാക്കി കഴിഞ്ഞ ജനുവരിയില്‍ ഗതാഗതത്തിന് തുറന്നു കൊടുത്തിരുന്നുവെങ്കിലും കരുവഞ്ചാല്‍ പാലത്തിന്റെ പണി നീളുകയാണ്. തളിപ്പറന്പ്-മണക്കടവ് കൂർഗ് ബോർഡർ സംസ്ഥാന പാതയും മലയോര ഹൈവേയും കടന്നു പോകുന്ന പാതയിലെ പ്രധാന പാലം കൂടിയാണിത്.
നിലവിലെ ഇടുങ്ങിയ പാലം കാരണം വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാൻ കഴിയാത്തതിനാല്‍ ഇവിടെ ഗതാഗത കുരുക്ക് പതിവാണ്.
പുതിയപാലം താത്ക്കാലികമായി ഗതാഗതത്തിന് തുറന്നു കൊടുത്തതോടെ ടൗണിലുണ്ടാകുന്ന ഗതാഗതകുരിക്ക് പരിഹരിക്കപ്പെട്ടുവെങ്കിലും പൊടി ശല്യം രൂക്ഷമാണ്. പാലത്തിന് സമീപത്തെ വ്യാപാരികളും ഇരുചക്രവാഹന യാത്രക്കാരും ഓട്ടോറിക്ഷ ബസ് യാത്രക്കാരും പൊടിശല്യം കാരണം പൊറുതിമുട്ടുകയാണ്.
പാലത്തിനോട് അനുബന്ധിച്ചുള്ള റോഡരികിലെ കോൺക്രീറ്റിംഗ്, റോഡിന്റെ മെക്കാഡം ടാറിഗ് എന്നിവയാണ് ബാക്കി കിടക്കുന്നത്. ദിവസങ്ങൾ കൊണ്ട് പൂർത്തീകരിക്കാവുന്ന പ്രവൃത്തിയാണെങ്കിലും ഇക്കാര്യത്തിൽ നടപടി ഉണ്ടാകുന്നില്ല. പാലത്തിനോട് ചേർന്ന് റോഡിൽ ഉണ്ടായിരുന്ന മരം പൊതുമരാമത്ത് വകുപ്പ് മുറിച്ചിട്ടത് മാറ്റാത്തതാണ് പ്രവൃത്തിക്ക് തടസമാകുന്നതെന്നാണ് കരാറുകാരൻ പറയുന്നത്. എന്നാൽ ഈ വാദം തെറ്റാണെന്ന് നാട്ടുകാരും ടാക്സി ഡ്രൈവർമാരും വ്യാപാരികളും പറയുന്നു.
5.8 കോടി രൂപ എസ്റ്റിമേറ്റ് തുകയില്‍ നിർമാണം ആരംഭിച്ച കരുവഞ്ചാല്‍ പാലത്തിന് 11 മീറ്റർ വീതിയും 50 മീറ്റർ നീളവുമാണുള്ളത്. 2022 ഡിസംബർ 18ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസായിരുന്നു പാലത്തിന്റെ നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.