യുഡിഎഫ് സംസ്ഥാനതല മലയോര സമര പ്രചാരണയാത്ര: സ്വാഗതസംഘം രൂപീകരിച്ചു
1496445
Sunday, January 19, 2025 1:35 AM IST
കരുവഞ്ചാൽ: വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര പ്രചാരണ യാത്ര 25ന് കരുവഞ്ചാലിൽ ഉദ്ഘാടനം ചെയ്യും. മലയോര സമരപ്രചാരണ യാത്രയുടെ സ്വാഗതസംഘം രൂപീകരണം കരുവഞ്ചാൽ വ്യാപാരഭവനിൽ നടന്നു.
വന്യമൃഗ ആക്രമണം, കാർഷിക മേഖലയിലെ തകർച്ച, നാണ്യവിളകളുടെ വിലത്തകർച്ച, ബഫർ സോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടൽ എന്നീ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന യുഡിഎഫ് കമ്മിറ്റി യാത്ര സംഘടിപ്പിക്കുന്നത്. മലയോര സമര പ്രചാരണ യാത്ര എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി അധ്യക്ഷത വഹിക്കും.
യുഡിഎഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനൂപ് ജേക്കബ്, സി.പി. ജോൺ തുടങ്ങിയവർ പങ്കെടുക്കും.
സ്വാഗതസംഘം രൂപീകരണ യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാൻ പി.ടി. മാത്യു അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. തോമസ് വെക്കത്താനം, ടി.എൻ.എ. ഖാദർ, സി.കെ. മുഹമ്മദ്, കെ.സി. വിജയൻ, കൊയ്യം ജനാർദനൻ, ബിജു പുളിയൻതൊട്ടി, ബേബി ഓടമ്പള്ളി, മാത്യു ചാണക്കാടൻ, കൃഷ്ണൻ കൂലേരി, കെ.പി. ഗംഗാധരൻ, ഇ.വി. രാമകൃഷ്ണൻ, ജോഷി കണ്ടത്തിൽ, ബാബു പള്ളിപ്പുറം, വി.എ. റഹീം, ടോമി കുമ്പിടിമാക്കൽ, ജോസ് പൂമല, എ.ഡി. സാബൂസ്, ടി. ജനാർദനൻ തുടങ്ങിയവർ പ്രസംഗിച്ചു.