വനനിയമ ഭേദഗതി ബിൽ പിൻവലിച്ചത് പരാജയഭീതി മൂലം: എഎപി കിസാൻ വിംഗ്
1496447
Sunday, January 19, 2025 1:35 AM IST
പയ്യാവൂർ: വനനിയമ ഭേദഗതി ബിൽ മുഖ്യമന്ത്രി പിൻവലിച്ചത് വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മലയോര മേഖലയിൽ ഉണ്ടാകാനിടയുള്ള പരാജയത്തെ ഭയന്നാണെന്ന് ആം ആദ്മി പാർട്ടി കിസാൻ വിംഗ്. നിലവിൽ ഭരണത്തിലുള്ള പല പഞ്ചായത്ത് പ്രസിഡന്റുമാരും അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെട്ടേക്കാം എന്ന് സംശയം പ്രകടിപ്പിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി വനം മന്ത്രിയെ തിരുത്തിയത്. കർഷകരോഷം തിരിച്ചറിഞ്ഞ് ഭേദഗതി ബിൽ പിൻവലിക്കുകയാണുണ്ടായതെന്നും ആം ആദ്മി പാർട്ടി കിസാൻ വിംഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് തോമസ് കുര്യൻ പറഞ്ഞു.
വനാതിർത്തിയോട് ചേർന്ന് ജീവിക്കുന്ന കർഷകർ കൃഷി ഉപേക്ഷിക്കേണ്ടിവരുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്ത് കൃഷി ചെയ്താലും അവയെല്ലാം വന്യമൃഗങ്ങൾ നശിപ്പിക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരായ കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനസിക സംഘർഷത്തിലുമാണുള്ളത്. കർഷകരെ സഹായിക്കേണ്ട സർക്കാർ സംവിധാനങ്ങളൊന്നും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കർഷകർക്ക് സ്വസ്ഥമായി തങ്ങളുടെ കൃഷിയിടത്തിൽ കൃഷി ചെയ്യാനും അതിന്റെ വിളവെടുക്കാനുമുള്ള സാഹചര്യം സർക്കാർ സാധ്യമാക്കണം.
ജനവാസ മേഖലയിലെത്തുന്ന വന്യമൃഗങ്ങളെ പിടികൂടാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് സർക്കാർ നിർദേശം നൽകണം. വനത്തിനുള്ളിൽ നിന്ന് വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് എത്തുകയില്ലെന്ന് ഉറപ്പാക്കണം. അതിനാവശ്യമായ കിടങ്ങുകളും ഫെൻസിംഗ് സംവിധാനങ്ങളും സർക്കാർ നടപ്പാക്കണമെന്നും തോമസ് കുര്യൻ ആവശ്യപ്പെട്ടു.