പാവപ്പെട്ടവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഈശ്വര സേവനം: ഗവര്‍ണര്‍ ശ്രീധരന്‍പിള്ള
1496437
Sunday, January 19, 2025 1:35 AM IST
പിലാത്തറ: പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനമാണ് ഈശ്വര സേവനമെന്നും കത്തോലിക്കാസഭ നടപ്പാക്കുന്നത് ഇതാണെന്നും ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍പിള്ള. പിലാത്തറ സെന്റ് ജോസഫ്സ് കോളജ് ഓഡിറ്റോറിയത്തില്‍ കണ്ണൂര്‍ രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കയ്റോസിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ-ആതുര സേവന മേഖലയില്‍ സഭ നടത്തിവരുന്ന സേവനങ്ങള്‍ നിസ്തുലമാണ്. വ്യാകരണ പുസ്തകവും മലയാള നിഘണ്ടവുമൊക്കെ വിദേശ മിഷണറിമാരുടെ സംഭാവനയാണ്. യുദ്ധം, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ കാര്യങ്ങളിലുള്ള സഭയുടെ നിലപാട് പ്രശംസനീയമാണെന്നും കയ്റോസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഗവർണർ പറഞ്ഞു.
കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. കയ്റോസിന്റെ കാല്‍നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ട് വിമോചനത്തിന്റെ മുഖമാണ് കയ്റോസിനുള്ളതെന്ന് ബിഷപ് പറഞ്ഞു. നിർമാണം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ വിതരണോദ്ഘാടനം കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് നിര്‍വഹിച്ചു. ഈ കാലഘട്ടത്തില്‍ ക്രിസ്തുവചനം ആവശ്യപ്പെടുന്ന പ്രവര്‍ത്തനമാണ് കയ്റോസ് നിര്‍വഹിക്കുന്നതെന്നും പാര്ശ്വവത്കരിക്കപ്പെട്ടവര്ക്കുവേണ്ടിയുള്ള ഈ സേവനങ്ങളിലൂടെ ക്രിസ്തുവിന്റെ വചനമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറ്റു വീടുകളുടെ താക്കോല്‍ദാനം രാജ്മോഹന്‍ ഉണ്ണിത്താന് എംപി, എം. വിജിന് എംഎല്‍എ, സൗത്ത് ഇന്ത്യന്‍ ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എൻ.ആർ. രാജേഷ്, ഡിഎസ്എസ് മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍സി, ഫാ.ജേക്കബ് മാവുങ്കല്‍ എന്നിവര്‍ നിര്‍വഹിച്ചു. കയ്റോസിന് തുടക്കമിട്ട മോണ്‍. ക്ലാരന്‍സ് പാലിയത്ത്, മറ്റ് ഡയറക്ടര്‍മാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ ഉദ്ഘാടനം വെബ്സൈറ്റ് സ്വിച്ചോണ്‍ ചെയ്ത് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ നിര്‍വഹിച്ചു. അസംഘടിത മേഖലയി ലുള്ളവരെ സംഘടിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഭൂമിയില്‍ നടത്തുന്ന പ്രധാന സത്കര്മമാണ് ചാരിറ്റിയെന്നും സ്പീക്കര്‍ പറഞ്ഞു.
കര്‍ഷകർ ഉത്പാദിപ്പിക്കുന്ന മുരിങ്ങക്കായും ഇലകളും കണ്ണൂര്‍ എന്റര്‍പ്രൈസ് വഴി സമാഹരിച്ച് വിപണനം ചെയ്യാനായി കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന മുരിങ്ങ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം തലശരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി നിര്‍വഹിച്ചു. 25 കൊല്ലംകൊണ്ട് ഒരു നൂറ്റാണ്ടിന്റെ സമാനതകളില്ലാത്ത സംഭാവനയാണ് കയ്റോസ് നല്‍കിയതെന്ന് ആർച്ച്ബിഷപ് പറഞ്ഞു.
സുവനീര്‍ പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിച്ചു. സ്നേഹസ്പര്‍ശം, മാനുഷികഭാവങ്ങള്‍, മാനവധര്‍മം ഇവയെല്ലാം പ്രാവര്‍ത്തികമാക്കി കാണിക്കുന്നതാണ് ക്രൈസ്തവ സഭയെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് അവര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയര്മാന് പ്രേംകുമാര്‍ നിര്‍വഹിച്ചു. ജാതി-മത-വര്‍ഗീയ ചിന്തകളില്‍ മനുഷ്യര്‍ ഞെരുങ്ങുമ്പോള്‍ കയ്റോസ് ഒരു വെളിച്ചമാണെന്നും പാര്‍ശ്വവത്കരി ക്കപ്പെട്ടവരിലേക്ക് കരുതലും കൈത്താങ്ങുമായി എത്തുന്നത് സ്നേഹത്തിന്റെ മൂര്‍ത്തീഭാവവും മാതൃകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂട്രീഷന്‍ കിറ്റ് വിതരണ ഉദ്ഘാടനം സിനിമാ സംവിധായകന് ലാല്‍ ജോസ് നിര്‍വഹിച്ചു. ക്രിസ്തു പറഞ്ഞതുപോലെ എല്ലാവരും പരസ്പരം സ്നേഹിക്കുകയായിരുന്നുവെങ്കില് കയ്റോസ് എന്ന സംവിധാനമുണ്ടാകില്ലായിരുന്നുവെന്നും കര്‍ത്താവ് പറഞ്ഞിടത്തേക്കെത്താന് ഇനിയും ദൂരം കൂടുതലുള്ളതിനാല്‍ കയ്റോസിന് കൂടുതല്‍ പ്രവര്‍ത്തിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ രൂപതയിലെ വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ക്കു പുറമെ കണ്ണൂര്‍ -കാസര്‍ഗോഡ് ജില്ലകളിലെ 65 വികസന സമിതികളിലായി പ്രവര്‍ത്തിക്കുന്ന സ്വാശ്രയ സംഘങ്ങള്‍, കുട്ടികളുടെ സംഘങ്ങള്‍, കോള്‍പിംഗ് യൂണിറ്റുകള്‍ എന്നിവയിലെ പ്രവര്‍ത്തകരും ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.