അമ്മുവിന്റെ വീടിന്റെ താക്കോൽ കൈമാറി അദീബ് ആൻഡ് ഷെഫീന ഫൗണ്ടേഷൻ
1496715
Monday, January 20, 2025 1:01 AM IST
ചെറുപുഴ: സെറിബ്രൽ പാൾസി രോഗം ബാധിച്ച് ദുരിതത്തിലായ ചെറുപുഴ ചുണ്ടയിൽ അക്ഷര (അമ്മു - 13 )യ്ക്ക് വീടൊരുക്കി പ്രവാസി വ്യവസായിയും അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എംഡിയുമായ അദീബ് അഹമ്മദിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന അദീബ് ആൻഡ് ഷെഫീന ഫൗണ്ടേഷൻ. അതോടൊപ്പം ഇവരുടെ ബാങ്കിലുള്ള കടബാധ്യതയും അദീബ് ആൻഡ് ഷെഫീന ഫൗണ്ടേഷൻ ഏറ്റെടുത്തു.
ഇന്നലെ ഉത്സവാന്തരീക്ഷത്തിൽ നടന്ന ഗൃഹപ്രവേശന ചടങ്ങിൽ അദീബ് അഹമ്മദിന്റെ സെക്രട്ടറി പി.എ. സനീറും ഫൗണ്ടേഷൻ പ്രതിനിധി വിജു അസീസും ചേർന്ന് വീടിന്റെ താക്കോൽ അമ്മുവിനും കുടുംബത്തിനും കൈമാറി. തുടർന്ന് പാലുകാച്ചി കുടുംബം താമസം ആരംഭിക്കുകയായിരുന്നു. ജന്മനാ സെറിബ്രൽ പാൾസി രോഗത്തെ തുടർന്ന് പരസഹായമില്ലാതെ നടക്കാനും മറ്റും കഴിയാത്ത സ്ഥിതിയിലാണ് അമ്മുവിന്റെ ജീവിതം. അമ്മുവിന്റെ അമ്മ സുഷമയ്ക്ക് അടുത്തുള്ള സ്കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്തു കിട്ടുന്ന തുകയാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം. ജോലിക്കിടെ വീണു പരിക്കേറ്റ അമ്മുവിന്റെ പിതാവും ചികിത്സയിലാണ്.
ചടങ്ങിൽ ചുണ്ട റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളായ രാജു ചുണ്ട, കെ.വി. വിശ്വനാഥൻ, എൻ.കെ. രാജൻ, എൻ.ജെ. ബേബി, വിജേഷ് കണ്ടത്തിൽ തുടങ്ങിയവരും നാട്ടുകാരും സന്നിഹിത നായിരുന്നു.