മരവിപണിയും മന്ദഗതിയിൽ
1496722
Monday, January 20, 2025 1:02 AM IST
എം.ജെ. റോബിൻ
കേളകം: കുറച്ച് വർഷങ്ങൾക്കപ്പുറം സ്വന്തം കൃഷിയിടത്തിൽ തലയുയർത്തി നിൽക്കുന്ന തേക്കോ, ആഞ്ഞിലിയോ, പ്ലാവോ ചൂണ്ടിക്കാണിച്ചു കർഷകൻ ഊറ്റംകൊണ്ട് പറയുമായിരുന്നു. പറമ്പിലെ നാല് തേക്ക് വെട്ടി വിറ്റാൽ തീരുന്ന കടമേ എനിക്കുള്ളൂവെന്ന്. എന്നാൽ, ഈ സ്ഥിതി ഇന്നു മാറി. തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങി പരമ്പരാഗതമായി മലയോരത്തെ കർഷകർ ഭാവിയിൽ വിൽക്കാനെന്ന തരത്തിൽ വച്ചുപിടിപ്പിച്ച ഒന്നിനും ഇപ്പോൾ വിലയില്ല. കുറച്ചെങ്കിലും വിലയുള്ളത് തേക്കിന് മാത്രമാണ്. അതും അഞ്ചടി വണ്ണത്തിന് മുകളിലുള്ള തേക്കിന്.
വില പകുതിയോളം കുറഞ്ഞു
ഇപ്പോൾ പ്രധാനമായും പ്ലൈവുഡ് നിർമാണ മേഖലയിലേക്കും സീലിംഗ് ചെയ്യാനുമാണ് മരങ്ങൾ കൂടുതലായും കയറ്റി പോകുന്നത്. കാതൽ ലഭിക്കുന്ന മരങ്ങൾ പോലും ഇപ്പോൾ നാലടി നീളത്തിൽ മുറിച്ച് ഈ വിപണിയിലേക്കാണ് പോകുന്നതെന്ന് മര വ്യാപാരികൾ പറയുന്നു. നേരത്തെ ഒരു മീറ്റർ ആഞ്ഞിലിക്ക് 1800 രൂപ വരെ വില ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ കേവലം 800 രൂപ മാത്രമാണ് ലഭിക്കുന്നത്.
പ്ലാവിന് 1600 രൂപ ലഭിച്ച സ്ഥാനത്ത് ഇപ്പോൾ 800 ആയി. ഇരുളിന് 1600 രൂപ ലഭിച്ചിരുന്നു നേരത്തെ. ഇപ്പോൾ വില 500 രൂപ. കുന്നിമരത്തിന് 1400 രൂപ വിലയുണ്ടായിരുന്നു. ഇപ്പോൾ 600 രൂപയാണ് ലഭിക്കുന്നത്. കട്ടിളയും ജനലും ഇപ്പോൾ മരത്തിൽനിന്ന് മാറി. ഇരുമ്പ് കട്ടിളയും ജനലുമാണ് വയ്ക്കുന്നതും പതിവായിട്ടുണ്ട്. കൂടുതൽ കാലം ഈടു നിൽക്കും, അറ്റകുറ്റപ്പണി ആവശ്യമില്ല, ചിതൽ പിടിക്കില്ല, മരം പോലെ വർഷാവർഷം പോളിഷ് ചെയ്യേണ്ട തുടങ്ങിയ ഗുണമുള്ളതുകൊണ്ടാണ് ആളുകൾ ഇരുമ്പിലേക്ക് മാറുന്നത് എന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ, കാലപ്പഴക്കത്തിൽ ഇരുമ്പ് തുരുമ്പെടുക്കാൻ സാധ്യതയുണ്ട്.
അമിതമായ കയറ്റിറക്ക് കൂലി
സ്വന്തം കൃഷിയിടത്തിലെ മരം മുറിച്ച് ലോറിയിൽ കയറ്റിക്കൊണ്ടുപോകാൻ കർഷകന് കഴിയാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. അതിന് തൊഴിലാളികളില്ലാതെ പറ്റില്ല. നിലവിൽ ക്യുബിക് മീറ്ററിനാണ് തൊഴിലാളികൾ പണം ഈടാക്കുന്നത്. അത് വില ലഭിക്കുന്ന മരമായാലും അല്ലെങ്കിലും തുക ഒരുപോലെ തന്നെയാണ്.
തൊഴിലാളികൾക്ക് നൽകേണ്ട തുകയും ഉൾപ്പെടുത്തിയാണ് ഇടനിലക്കാരായ മരവ്യാപാരികൾ കർഷകരിൽനിന്ന് മരം എടുക്കുന്നത്. ഇതുകൊണ്ടുതന്നെ മരത്തിന് ലഭിക്കേണ്ട യഥാർഥവിലയുടെ നാലിലൊന്നു പോലും കർഷക ലഭിക്കാതെയായി. ഇതുസംബന്ധിച്ച കൂലി നിർണയത്തിൽ കർഷകരെ ഇവർ ഉൾപ്പെടുത്താറുപോലുമില്ല. അതുകൊണ്ട് തുച്ഛമായ വിലയ്ക്ക് മരം വിൽക്കേണ്ട ഗതികേടായതുകൊണ്ട് തന്നെ ആരും ഇപ്പോൾ മരം വിൽക്കാൻ തുനിയുന്നില്ല.
മരവ്യവസായം പ്രതിസന്ധിയിൽ
ബെന്നി ചീരംവേലിൽ (മരം വ്യാപാരി)
കുറച്ചുവർഷങ്ങളായി മരവ്യവസായം വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ച് മലയോര മേഖലയിൽ. രണ്ട് പ്രധാനപ്പെട്ട കാരണങ്ങളാണ് ഇതിനുപിന്നിൽ. ഒന്ന് വീടുപണിക്കും മറ്റും മരത്തിൽനിന്നും ആളുകൾ ഇരുമ്പിലേക്ക് മാറിയത്. യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വീട് വയ്ക്കുന്നത് കുറഞ്ഞു. മരവിപണിയിൽ ഉണർവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുമ്പിലേക്ക് മാറിയ ആളുകളെല്ലാം തിരിച്ച് മരം ഉപയോഗിച്ചുള്ള നിർമാണത്തിലേക്ക് മാറും എന്നതാണ് ഞങ്ങളുടെ കണക്കുകൂട്ടൽ. ഇരുമ്പ് കാലപ്പഴക്കത്തിൽ തുരുമ്പ് എടുക്കാൻ സാധ്യതയുള്ളതിനാൽ വീണ്ടും ആളുകൾ മരത്തിലേക്ക് മാറും. ട്രീറ്റഡ് മരത്തിന്റെ കാലമാണ് ഇനി വരാൻ പോകുന്നത്.
അങ്ങോട്ട് പണം കൊടുത്ത് മരം മുറിക്കേണ്ട അവസ്ഥ
മജു ജോൺ ശാന്തിഗിരി (കർഷകൻ)
ഇപ്പോൾ വിറകിനു പോലും ആവശ്യക്കാരില്ല എന്നുള്ള അവസ്ഥയിലാണ്. അറുപതിനായിരം രൂപ വില ലഭിക്കുമായിരുന്ന മരം കേവലം 25,000 രൂപയ്ക്കാണ് സമീപകാലത്ത് കൊടുക്കേണ്ടി വന്നത്.അതും മുറിച്ചതിൽ പകുതി പറമ്പിൽ ഇപ്പോഴും കിടപ്പുണ്ട്. ആവശ്യക്കാർ ഇല്ല എന്നാണ് വ്യാപാരികൾ പറയുന്നത്.നിലവിൽ മരം ഒരു ഭാരമായ അവസ്ഥയിലാണ്. മരം മറ്റു കൃഷികൾക്ക് തടസമാകുന്നതിനാൽ അത് മുറിച്ചു മാറ്റേണ്ട അവസ്ഥയിലാണ്. ചുരുക്കിപ്പറഞ്ഞാൽ കൈയില് നിന്ന് കാശ് മുടക്കി മരം മുറിച്ച് മാറ്റേണ്ട ഗതികേടിലാണ് ഞങ്ങൾ.