നാടാകെ പുലി പായുന്നു; ഒളിച്ചുകളിച്ച് വനം വകുപ്പ്
1495532
Wednesday, January 15, 2025 8:12 AM IST
മടിക്കൈയിൽ വളർത്തുനായയെ പുലി കൂട് തകർത്തു കൊന്നു
മടിക്കൈ: മടിക്കൈ പഞ്ചായത്തിൽ അങ്ങിങ്ങായി സാന്നിധ്യമറിയിച്ചിരുന്ന പുലി പ്രത്യക്ഷഭീഷണിയായി വളരുന്നു. കഴിഞ്ഞ ദിവസം രാത്രി വെള്ളൂട സൗരോർജ പാർക്കിനു സമീപം പട്ടത്തുംമൂലയിൽ വീട്ടുമുറ്റത്തെ കൂടു തകർത്ത് വളർത്തുനായയെ കൊന്നു. പട്ടത്തുംമൂല അങ്കണവാടിക്കു സമീപത്തെ സതീശന്റെ വളർത്തുനായയാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. നായയുടെ കഴുത്തിലാണ് ആഴത്തിൽ കടിയേറ്റത്. കൂടിന്റെ എല്ലാ ഭാഗവും തകർക്കാനാകാത്തതിനാൽ നായയെ വലിച്ചുകൊണ്ടുപോകാൻ കഴിഞ്ഞില്ല.
രണ്ടുദിവസം മുമ്പ് ഈ സ്ഥലത്തിന് സമീപം റബർ ടാപ്പിംഗിനിറങ്ങിയ തൊഴിലാളി പുലിയെ കണ്ടതായി പറഞ്ഞിരുന്നു. എന്നാൽ, തെളിവുകളില്ലെന്ന് പറഞ്ഞ് വനംവകുപ്പ് അത് തള്ളിക്കളയുകയായിരുന്നു.
ആഴ്ചകൾക്കു മുമ്പ് കാഞ്ഞിരപ്പൊയിൽ തോട്ടിനാട്ട് മേയാൻ വിട്ട ആട്ടിൻകൂട്ടത്തിനു നേരെ അജ്ഞാതജീവിയുടെ ആക്രമണം നടന്നിരുന്നു. ഒരാടിനെ കടിച്ചുകൊല്ലുകയും ചെയ്തു. ഇതിനുശേഷം വാഴക്കോട്, നെല്ലിയടുക്കം, വെള്ളൂട, കാരാക്കോട്, ചുണ്ട, പച്ചക്കുണ്ട് എന്നിങ്ങനെ പല സ്ഥലങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഈ പ്രദേശങ്ങളോടു ചേർന്നുകിടക്കുന്ന പുല്ലൂർ പെരിയ പഞ്ചായത്തിലെ വിഷ്ണുമംഗലം എക്കാലിലും പുലിയെ കണ്ടതായി വാർത്തകളുണ്ടായിരുന്നു.
വളർത്തുനായയെ കൊന്നതിനു പിന്നാലെ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന്റെ നേതൃത്വത്തിലുള്ള സംഘം പട്ടത്തുംമൂലയിലെത്തി പരിശോധന നടത്തി. ഇവിടെ വനംവകുപ്പിന്റെ ടൈഗർ ട്രാപ് കാമറ സ്ഥാപിക്കുമെന്നും പുലിയുടെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞാലുടൻ കൂട് സ്ഥാപിക്കുമെന്നും വനപാലകർ ഉറപ്പുനല്കി.
നാട്ടിലെങ്ങും പുലിഭീതി പരന്നതോടെ വിശാലമായ പാറപ്രദേശങ്ങളും വിജനമായ വഴികളും നിറഞ്ഞ മടിക്കൈ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ആളുകൾ ഒറ്റയ്ക്ക് സഞ്ചരിക്കാൻ തന്നെ ഭയപ്പെടുകയാണ്. പകൽസമയത്തുപോലും പുലിക്ക് ഒളിച്ചിരിക്കാൻ കഴിയുന്ന പാറപ്രദേശങ്ങളും കുറ്റിക്കാടുകളും മിക്കയിടങ്ങളിലുമുണ്ട്. തെരുവുനായ്ക്കളും കുറുക്കന്മാരും കാട്ടുപന്നികളും ധാരാളമുള്ളതിനാൽ ഇരതേടാനും പ്രയാസമില്ല. സ്കൂളുകളിലേക്കും തിരിച്ചും നടന്നുപോകുന്ന വിദ്യാർഥികളും അതിരാവിലെ റബർ ടാപ്പിംഗിന് പോകുന്ന തൊഴിലാളികളും മറ്റും കടുത്ത ഭീതിയിലാണ്.
കാസർഗോഡ് താലൂക്കിലെ മുളിയാർ, കാറഡുക്ക, ബേഡഡുക്ക പഞ്ചായത്തുകൾക്ക് പിന്നാലെയാണ് ഹൊസ്ദുർഗ് താലൂക്കിലെ മടിക്കൈയിലും പുലിഭീതി പടർന്നുപിടിക്കുന്നത്. മുളിയാർ മേഖലയിൽ നാലു പുലികളുടെയെങ്കിലും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രണ്ടു പ്രദേശങ്ങളും തമ്മിൽ നൂറു കിലോമീറ്ററോളം ദൂരമുള്ളതിനാൽ അവിടെ നിന്നുള്ള പുലിയല്ല മടിക്കൈയിലെത്തുന്നതെന്നതും വ്യക്തമാണ്.
അയ്യൻകുന്നിൽ ആക്രമണത്തിൽ നായയ്ക്ക് പരിക്ക്
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ ഈന്തുംകരിയിൽ വളർത്തുനായയെ വന്യജീവി ആക്രമിച്ചു പരിക്കേല്പിച്ചു. മാവേലിൽ മധുവിന്റെ നായയാണ് ആക്രമണത്തിന് ഇരയായത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ നായ അതീവ ഗുരുതരാവസ്ഥയിലാണ്. നായയുടെ കഴുത്തിന് അടിവശത്തായി വന്യമൃഗത്തിന്റെ പല്ല് ആഴ്ന്നിറങ്ങിയ പാടുകളുണ്ട്. കൂടാതെ നെഞ്ചിലും വലിയ മുറിവുകൾ ഉണ്ട്.
ഇന്നലെ പുലർച്ചെ ഒന്നരയോടെ ആണ് സംഭവം. പതിവില്ലാതെ നായ ഭയന്ന് കരയുന്ന ശബ്ദം കേട്ട് മധു പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം കാണുന്നത്.
ലൈറ്റിന്റെവെളിച്ചത്തിൽ ഏതോ വന്യജീവി ഓടിമറയുന്നത് കണ്ടെങ്കിലും ജീവിയെ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നാണ് മധു പറയുന്നത്. കൂട്ടിൽ കെട്ടിയിട്ടിരുന്നതാണ് നായ. വെളിച്ചം കണ്ടതോടെയാകാം വന്യമൃഗം ഓടിമറിഞ്ഞത്.
ഈന്തുംകരി ഉരുപ്പുംകുറ്റി റോഡിനോട് ചേർന്ന് ജനവാസ മേഖലയിലാണ് വന്യജീവിയുടെ ആക്രമണം. പ്രദേശത്ത് പുലിയുടെ സാന്നിധ്യം മുന്പും കണ്ടിരുന്നതായും നായയെ ആക്രമിച്ചത് പുലിതന്നെയാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ.
ചരൾ വെറ്ററിനറി ഡോക്ടർ എസ്.കെ. ശരണ്യ സ്ഥലത്തെത്തി നായയുടെ മുറിവുകൾ വൃത്തിയാക്കി പ്രാഥമിക ചികിത്സ നൽകി. നായയെ ആക്രമിച്ച ജീവിയെക്കുറിച്ച് വനം വകുപ്പിനും വ്യക്തതയില്ല. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽ കുമാർ സ്ഥലത്തെത്തി പരിശോധന നടത്തി . രാത്രി ഉൾപ്പെടെ പ്രദേശത്ത് പട്രോളിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വർഷങ്ങളായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഇത്തരം ഒരനുഭവമെന്ന് വീട്ടുടമ മധു പറയുന്നു. വനത്തിനോട് ചേർന്ന പലവീടുകളിലേയും വളർത്തുമൃഗങ്ങളെ കാണാതായിട്ടുണ്ട്.
പ്രദേശത്ത് പുലിയുടെ സാന്നിധ്യം പലരും കണ്ടിട്ടുള്ളതാണ്. ഇവയെ നിയന്ത്രിക്കാനുള്ള നടപടികൾ വനം വകുപ്പ് സ്വീകരിക്കണമെന്നും മധു ആവശ്യപ്പെട്ടു.