മരിച്ചെന്നു കരുതി മോർച്ചറിയിലേക്കു മാറ്റി; ജീവനക്കാരൻ തൊട്ടറിഞ്ഞു ജീവന്റെ തുടിപ്പ്
1495528
Wednesday, January 15, 2025 8:12 AM IST
കണ്ണൂർ: മരിച്ചെന്നു കരുതി മോർച്ചറിയിലേക്കു മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ്. ഇന്നലെ പുലർച്ചെ 12.10 ഓടെ കണ്ണൂർ എകെജി സഹകരണ ആശുപത്രിയിലായിരുന്നു സംഭവം.
കണ്ണൂർ പാച്ചപ്പൊയ്ക വനിതാ ബാങ്കിന് സമീപം പുഷ്പാലയത്തിൽ വെള്ളുവക്കണ്ടി പവിത്രനാണ് (67) പുനർജന്മം. പവിത്രന്റെ ‘മൃതദേഹം’ എകെജിയിൽ എത്തിച്ച് നടപടികൾ പൂർത്തിയാക്കി മോർച്ചറിയിലേക്കു കയറ്റുന്നതിനിടെയാണ് ആശുപത്രി ജീവനക്കാർക്കു സംശയം തോന്നിയത്. മോർച്ചറി നൈറ്റ് സൂപ്രണ്ട് ജയനാണ് പവിത്രനിൽ ജീവന്റെ തുടിപ്പുണ്ടെന്ന സംശയം ആദ്യം ഉയർത്തിയത്. ഇലക്ട്രിക്കൽ വിഭാഗത്തിലെ അനൂപും സഹായത്തിനായി കൂടെയുണ്ടായിരുന്നു.
പവിത്രനെ ഉടൻ അത്യാഹിത വിഭാഗത്തിലേക്കും പിന്നീട് ഐസിയുവിലേക്കും മാറ്റുകയായിരുന്നു. ഇതിനകം ബന്ധുക്കൾ പത്രങ്ങളിലടക്കം ചരമ അറിയിപ്പ് നൽകിയിരുന്നു.മംഗളൂരു ഹെഗ്ഡെ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്ന രോഗിയെ തിങ്കളാഴ്ച രാത്രിയാണു കണ്ണൂരിലേക്കു കൊണ്ടുവന്നത്.
ഇതിനിടെ, പവിത്രൻ മരിച്ചതായി തോന്നിയ ബന്ധുക്കൾ എകെജി ആശുപത്രി മോർച്ചറിയിൽ രാത്രിയിൽ ‘മൃതദേഹം’ സൂക്ഷിച്ച ശേഷം രാവിലെ വീട്ടിലേക്കു കൊണ്ടുപോകാനായി തീരുമാനിക്കുകയായിരുന്നു. വിവിധ അസുഖങ്ങളുള്ള പവിത്രൻ ഇപ്പോഴും ഐസിയുവിൽ തുടരുകയാണ്.
ജനപ്രതിനിധികൾ സാക്ഷ്യപ്പെടുത്തിയതിനാലാണ് മോർച്ചറിസൗകര്യം ഒരുക്കി നൽകിയതെന്നാണ് എകെജി ആശുപത്രി അധികൃതർ പറയുന്നത്.