വന്യമൃഗങ്ങളെ നിയന്ത്രിക്കുന്ന തമിഴ്നാട് മോഡൽ കേരളം മാതൃകയാക്കണം: ചാണ്ടി ഉമ്മൻ
1495002
Tuesday, January 14, 2025 12:25 AM IST
ആലക്കോട്: വന്യമൃഗങ്ങളെ നിയന്ത്രിക്കുന്നതിന് തമിഴ്നാട് സർക്കാർ പിന്തുടരുന്ന രീതികൾ കേരളം മാതൃകയാക്കണമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. തങ്ങളുടെ കൃഷിഭൂമി സംരക്ഷിക്കുന്നതിനുള്ള ധാർമികമായ അവകാശം കർഷകർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇരിക്കൂർ കർഷക സംഗമത്തിന്റെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്ര ആലക്കോട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവ് ഉമ്മൻ ചാണ്ടിക്ക് ഏറെ പ്രിയങ്കരമായിരുന്ന ഇരിക്കൂറിന്റെ മണ്ണിൽ കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ രാഷ്ട്രീയ കക്ഷികളും കർഷക ക്ഷേമത്തിനു വേണ്ടി ഒരുമിച്ചു നിൽക്കുന്നത് പ്രതീക്ഷ പകരുന്നതാണ്. ഏറെ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കർഷകർക്കു വേണ്ടി നാടിനെ ഒന്നാകെ ഒരുമിച്ചു നിർത്തുവാൻ ജനപ്രതിനിധി എന്ന നിലയിൽ സജീവ് ജോസഫ് എംഎൽഎ എടുക്കുന്ന പ്രയത്നങ്ങൾ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ. പ്രദീപൻ, ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട്, സാജൻ കെ. ജോസഫ്, പി.ടി. മാത്യു, തോമസ് വക്കത്താനം, വിജി സോമൻ, സജി കുറ്റ്യാനിമറ്റം, വി.എ. റഹീം, ജോഷി കണ്ടത്തിൽ, ജോസ് വട്ടമല തുടങ്ങിയവർ പ്രസംഗിച്ചു.
നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് വിളംബര ജാഥകൾ നടന്നത്. ആലക്കോട് പമ്പ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിളംബര ജാഥയിൽ ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കൾ, കൃഷി വകുപ്പ് ജീവനക്കാർ, കർഷകർ എന്നിവർ പങ്കെടുത്തു.
ശ്രീകണ്ഠപുരം: സജീവ് ജോസഫ് എംഎൽഎയും കേരള കാർഷിക വികസന കർഷകക്ഷേമവകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഇരിക്കൂർ നിയോജകമണ്ഡലം കർഷകസംഗമം അഗ്രി ഫെസ്റ്റ് 2025 ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ വിളംബരം ഘോഷയാത്ര സംഘടിപ്പിച്ചു.
നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു.
കൃഷിഓഫീസർ എ. അനുഭാഗ്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.വി. ജയകൃഷ്ണൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി. ചന്ദ്രാംഗദൻ , വി.പി. നസീമ, ജോസഫിന, കൗൺസിലർമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
കർഷക സംഗമത്തിന് ഇന്ന് തിരിതെളിയും
ഇരിക്കൂറിന്റെ കാർഷിക മഹോത്സവമായ "അഗ്രിഫെസ്റ്റ്-25ന്' ഇന്ന് തിരിതെളിയും. ആലക്കോട് നടുപ്പറമ്പിൽ സ്പോർട്സ് സിറ്റിയിൽ രാവിലെ 10 ഓടുകൂടി കർഷക സംഗമവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ ആരംഭിക്കും. കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം പി. സന്തോഷ്കുമാർ എംപി നിർവഹിക്കും. രാവിലെ നടക്കുന്ന സെമിനാറുകളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എംഎൽഎയും ഉച്ചകഴിഞ്ഞ് നടക്കുന്ന സെമിനാർ സെഷനുകൾ കെ.വി. സുമേഷ് എംഎൽഎയും ഉദ്ഘാടനം ചെയ്യും.
ക്ഷീരമേഖലയുടെ സുസ്ഥിരവികസന സംയോജന സാധ്യതകൾ, യുവജനങ്ങളും കൃഷി സാധ്യതകളും, നാണ്യവിളകൾ തെങ്ങ്, കവുങ്ങ് വിളകളുടെ പ്രശ്നങ്ങളും പുനരുദ്ധാരണ സാധ്യതകളും, ഇരിക്കൂർ നിയോജകമണ്ഡലം ടൂറിസം വികസനം-വിവിധ വകുപ്പുകളുമായുള്ള സംയോജന വികസന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ ഉണ്ടാകും.
ഇതിനു പുറമേ കർഷകർക്കു വേണ്ടിയുള്ള പ്രശ്നോത്തരി, കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം, വൈകുന്നേരം 5.30 മുതൽ കലാസന്ധ്യ എന്നിവയാണ് കർഷക സംഗമത്തിന്റെ ഭാഗമായി ഇന്നുണ്ടാകുക.