സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
1495509
Wednesday, January 15, 2025 8:12 AM IST
ചെമ്പേരി: ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിന്റെ 68ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. തലശേരി അതിരൂപത കോർപറേറ്റ് മാനേജർ ഫാ. മാത്യു ശാസ്താംപടവിൽ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ട് അധ്യക്ഷത വഹിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ എം.ജെ. ജോർജ് ആമുഖ പ്രഭാഷണവും ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മുഖ്യ പ്രഭാഷണവും നടത്തി.
സ്കൂൾ സീനിയർ അസിസ്റ്റന്റ് സിന്ധു മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യാപകരായ ബീന അഗസ്റ്റിൻ, ലിജി ജോസഫ് എന്നിവർ സേവനാനുസ്മരണം നടത്തി. ചടങ്ങിൽ വിരമിക്കുന്ന അധ്യാപകരായ സിസ്റ്റർ റോസ് മരിയ, ടി.കെ. റെജീന എന്നിവരെ ആദരിച്ചു.
പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പൗളിൻ തോമസ്, സ്കൂൾ പ്രിൻസിപ്പൽ സി.ഡി. സജീവ്, യുപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ്, പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡന്റ് സോജി മനോജ്, സ്കൂൾ ലീഡർ സാനിയ ആൻ സാബു, സ്റ്റാഫ് സെക്രട്ടറി സോണി മാത്യു എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.