മറിയക്കുട്ടി വധം: മരുമകൾക്ക് ജീവപര്യന്തവും അരലക്ഷം രൂപ പിഴയും
1495531
Wednesday, January 15, 2025 8:12 AM IST
തലശേരി: കുടുംബ വഴക്കിനെ തുടര്‍ന്ന് കരിക്കോട്ടക്കരി അയ്യന്‍കുന്ന് 18 ഏക്കറിലെ മറിയക്കുട്ടിയെ (82) കൊലപ്പെടുത്തിയ കേസില്‍ മകന്റെ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും. അയ്യൻകുന്ന് കായമ്മാക്കല്‍ എല്‍സി (56)യെ തലശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി ഫിലിപ് തോമസ് ആണ് ജീവപര്യന്തം തടവിനും അര ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം തടവ് കൂടി അനുഭവിക്കണം. കഴിഞ്ഞ ദിവസമാണ് എൽസിയെ കോട തി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.
2021 ഫെബ്രുവരി മൂന്നിന് വൈകുന്നേരം 6.45 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലെ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങിയ മറിയക്കുട്ടി കട്ടിളപ്പടിയില്‍ തലയടിച്ചു വീണു മരിച്ചു എന്നായിരുന്നു ആദ്യവിവരം. പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. ഗോപാലകൃഷ്ണ പിള്ള നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മറിയക്കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന ലഭിക്കുന്നത്.
സംഭവത്തില്‍ കരിക്കോട്ടക്കരി പോലീസ് ഇൻസ്പെക്ടർമാരായ ശിവന് ചോടോത്തും അബ്ദു ബഷീറും നടത്തിയ അന്വേഷണത്തിനിടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് എല്‍സി മറിയക്കുട്ടിയെ കഴുത്തില്‍ തോര്‍ത്ത് ചുറ്റിപ്പിടിച്ച് തലമുടിക്ക് കുത്തിപ്പിടിച്ച് കോണ്‍ക്രീറ്റ് പടിയില്‍ പലതവണ ഇടിപ്പിച്ച് പരിക്കേല്‍പ്പിച്ച ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയ താണെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
കേസില്‍ ദൃക്സാക്ഷികള്‍ ഉണ്ടായിരുന്നില്ല. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളു ടെയും അടിസ്ഥാനത്തിലാണ് എൽസി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്.
കേസില്‍ 24 സാക്ഷികളെ പ്രോസിക്യൂഷന് വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.