കണ്ണൂർ പുഷ്പോത്സവം നാളെ മുതൽ
1495514
Wednesday, January 15, 2025 8:12 AM IST
കണ്ണൂർ: കാനന്നൂർ ഡിസ്ട്രിക്റ്റ് ആഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ പുഷ്പോത്സവം നാളെ തുടങ്ങുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം ആറിന് കണ്ണൂർ പോലീസ് മൈതാനിയിൽ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. കളക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിക്കും. മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി എന്നിവർ മുഖ്യാതിഥിയാകും. ഈ വർഷത്തെ സംസ്ഥാന കൃഷി അവാർഡ് ജേതാവായ കെ. ബിന്ദു. അഗസ്റ്റ്യൻ തോമസ് എന്നിവരെ ചടങ്ങിൽ അനുമോദിക്കും.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കൊണ്ടുവന്ന ചെടികൾ 12000 ചതുരശ്ര അടിയിൽ ഒരുക്കുന്ന വർണോദ്യാനം പുഷ്പോത്സവത്തിൽ ഏറ്റവും ആകർഷണീയമായ ഘടകമാണ്. ഇത്തവണ രണ്ടു ലക്ഷം ആളുകളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു. കണ്ണാടിക്കൂട്ടിലുള്ള ജലത്തിൽ കൃത്രിമമായി നിർമിക്കുന്ന അക്വാസ്കേപ്പിംഗ് എന്നിവ ഒരുക്കും. പത്ര സമ്മേളനത്തിൽ സെക്രട്ടറി പി.വി. രത്നാകരൻ, യു.കെ.ബി. നമ്പ്യാർ, എ.സി.വൽസല, ടി.പി.വിജയൻ, എം.കെ. മൃദുൽ എന്നിവർ പങ്കെടുത്തു.