സ്കൂളിലേക്ക് പ്രതിഷേധ മാർച്ചുമായി കെഎസ്യു
1494998
Tuesday, January 14, 2025 12:25 AM IST
കണ്ണൂർ: കമ്പിൽ മാപ്പിള ഹയർ സെക്കഡറി സ്കൂളിൽ ഭവത്ത് മാനവിന്റെ ആത്മഹത്യയ്ക്ക്കാരണ മായത് അധ്യാപകരുടെ അപക്വമായ ഇടപെടലിന്റെ ഫലമാണെന്നും സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്യു തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉദ്ഘാടനം ചെയ്തു. ഭീഷണിപ്പെടുത്തിയും അപമാനിച്ചും മാനസിക സമ്മർദത്തിലേക്ക് തള്ളി വിട്ട് വിദ്യാർഥികളെ പഠിപ്പിക്കുന്ന പ്രാകൃത രീതികൾ അധ്യാപകർ മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർഥി സൗഹൃദ പഠനാന്തരീക്ഷം ഉറപ്പാക്കാൻ അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്നും എം.സി. അതുൽ ആവശ്യപ്പെട്ടു.
സ്കൂൾ പ്രിൻസിപ്പലുമായി ചർച്ച നടത്തിയ നേതാക്കൾക്ക് പിടിഎ പ്രതിനിധികളെ അടക്കം ഉൾപ്പെടുത്തി അന്വേഷണ സമിതിയെ നിയോഗിക്കുമെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനുള്ള ഇടപെടൽ ഉണ്ടാകുമെന്നുമുള്ള പ്രിൻസിപ്പലിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. കൃത്യമായ അന്വേഷണം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് റീജണൽ ഡപ്യൂട്ടി ഡയറക്ടർ, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് കെഎസ്യു പരാതിയും നൽകി.
ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കണം-
അബ്ദുൾ കരീം ചേലേരി
കണ്ണൂർ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഭവത് മാനവിന്റെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ആവശ്യപ്പെട്ടു. വിദ്യാർഥിയുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർഥിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരുന്നതിനുള്ള കുടുംബത്തിന്റെ നടപടികൾക്ക് എല്ലാ പിന്തുണയും കരിം വാഗ്ദാനം ചെയ്തു.