ലേബര്‍ ബാങ്ക്: മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തു
1495512
Wednesday, January 15, 2025 8:12 AM IST
കണ്ണൂർ: വിവിധ തൊഴില്‍ മേഖലയില്‍ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ലേബര്‍ ബാങ്ക് പദ്ധതിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ ലോഞ്ചിംഗ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെ തൊഴിലാളികളുടെ ഒരു ബാങ്ക് തയാറാക്കുക എന്നതാണ് ലക്ഷ്യം.
വ്യത്യസ്ത മേഖലകളിലെ തൊഴിലാളികള്‍ അവരുടെ തൊഴില്‍ വൈദഗ്ദ്ധ്യം, താത്പര്യം, വേതനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്താനാകും. പരിശീലനം നല്കി ഓരോ വ്യക്തിക്കും ആവശ്യമായ തൊഴിലാളികളെ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന നേട്ടം.
Kannur Dt Panchayat Labor bank എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും, ആപ് സ്റ്റോറിലും ലഭ്യമാണ്. തൊഴിലാളികള്‍ക്കും, തൊഴില്‍ ദാതാക്കള്‍ക്കും നിലവില്‍ ആപ്ലിക്കേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. കണ്ണൂര്‍ ദിനേശ് ഐടി വിഭാഗമാണ് മൊബൈല്‍ ആപ്പ് തയാറാക്കിയത്. വികസന ഫണ്ടില്‍ നിന്നും 2022-23 വര്‍ഷത്തില്‍ 2,95,000 രൂപയും, 2023-24 വര്‍ഷത്തില്‍ രണ്ട് ലക്ഷം രൂപയുമാണ് ദിനേശ് ഐടി സൊല്യൂഷന്‍സിന് അനുവദിച്ചത്.
ജില്ല പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി, വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്, തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷല്‍ സെക്രട്ടറി ടി.വി അനുപമ,തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സീറാം സാംബശിവാ റാവു തുടങ്ങിയവര്‍ പങ്കെടുത്തു.