കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദ കാണിക്കണം: സംയുക്ത കിസാൻ മോർച്ച
1495013
Tuesday, January 14, 2025 1:42 AM IST
കണ്ണൂർ: കർഷക സമരം അവസാനിക്കാൻ 2021 ൽ കേന്ദ്ര സർക്കാർ കർഷക നേതാക്കളുമായി ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ മൂന്നു വർഷം കഴിഞ്ഞിട്ടും പാലിക്കാത്തത് നീതി രഹിതമാണന്നും കരാർ നടപ്പിലാക്കി കേന്ദ്ര സർക്കാർ ജനാധിപത്യ മര്യാദ പാലിക്കണമെന്നും സംയുക്ത കിസാൻ മോർച്ച സ്റ്റേറ്റ് കൺവീനർ ഡോ. ഡി. സുരേന്ദ്രനാഥ്. കാർഷീകോത്പന്നങ്ങളുടെ മിനിമം വില ഉറപ്പുവരുത്തുന്ന നിയമം നിർമിക്കുക, ലോക വ്യാപാര സംഘടനയിൽ നിന്നും ഇന്ത്യപുറത്തു വരിക, ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകൾ റദ്ദാക്കുക, കർഷക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഡൽഹിയിൽ നടത്തുന്ന രണ്ടാംഘട്ട സമരം 300 ദിവസം പിന്നിട്ടിട്ടും കേന്ദ്ര സർക്കാർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിനെതിരേയായരുന്നു പ്രതിഷേധ കൂട്ടായ്മ.
സംയുക്ത കിസാൻ മോർച്ച നേതാവ് ജഗജീത് സിംഗ് ദല്ലേവാൾ ആരംഭിച്ച അനിശ്ചിത കാല നിരാഹാരം 46 ദിവസം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ടു കൂടിയായിരുന്ന എസ്കെഎം ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൻ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ചെയർമാൻ ബിനോയ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. വിനോദ് എം. പയ്യട, ജയിംസ് പന്ന്യാംമാക്കൽ, സണ്ണി തുണ്ടത്തിൽ, ആർട്ടിസ്റ്റ് ശശികല, ടോമി തോമസ്, ദേവദാസ് തളാപ്പ്, മുഹമ്മദ് ഇംത്യാസ്, പി.ടി. ഭാസ്കരൻ, ജോസഫ് വടക്കേക്കര തുടങ്ങിയവർ പ്രസംഗിച്ചു.