എംഡിഎംഎയുമായി രണ്ടു സ്ത്രീകള്‍ ഉൾപ്പെടെ നാലുപേര്‍ അറസ്റ്റില്‍
1495008
Tuesday, January 14, 2025 1:42 AM IST
കാസര്‍ഗോഡ്: കാറില്‍ കടത്തുകയായിരുന്ന 100.76 ഗ്രാം എംഡിഎംഎയുമായി രണ്ടു സ്ത്രീകളടക്കം നാലുപേര്‍ അറസ്റ്റില്‍. മുളിയാര്‍ മാസ്തിക്കുണ്ടിലെ മുഹമ്മദ് സഹദ് (26), വിദ്യാനഗര്‍ കോട്ടക്കണ്ണിയിലെ പി.എം. ഷാനവാസ് (42), ഭാര്യ ഷെരീഫ (40), സഹോദരി ചട്ടഞ്ചാല്‍ സ്വദേശി പി.എം. ഷുഹൈബ (38) എന്നിവരെയാണ് ആദൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലര്‍ച്ചെ 5.45ഓടെ ബോവിക്കാനം-ഇരിയണ്ണി റോഡിലെ മഞ്ചക്കല്ലില്‍ നിന്നാണ് ഏകദേശം ആറു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎ ആദൂര്‍ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികള്‍. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മയക്കുമരുന്നു കടത്താന്‍ ഉപയോഗിച്ച കാര്‍ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിന് മറയിടാന്‍ ഇവര്‍ രണ്ടു വയസുള്ള ഒരു കുട്ടിയെയും കാറില്‍ കയറ്റിയിരുന്നു. ഇതു കുടുംബമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നെന്ന് പോലീസ് സംശയിക്കുന്നു. ബംഗളൂരുവില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് പ്രാഥമിക സൂചന. മുള്ളേരിയ ഭാഗത്തുനിന്ന് കാസര്‍ഗോഡ് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിര്‍ത്താന്‍ പോലീസ് ആവശ്യപ്പെട്ടിട്ടും നിര്‍ത്താതെ കടന്നുകളയാന്‍ ശ്രമിച്ചു.
കോട്ടൂരില്‍നിന്ന് ഇരിയണ്ണി റോഡിലേക്ക് വെട്ടിച്ച് കടന്നുകളഞ്ഞു. ഈ സമയം മറ്റൊരു പോലീസ് വാഹനം ഇരിയണ്ണി മഞ്ചക്കല്ല് ഭാഗത്ത് ഇവരെ തടഞ്ഞ് പിടികൂടുകയായിരുന്നു. സഹദിന് എറണാകുളത്ത് മറ്റൊരു മയക്കുമരുന്ന് കേസുള്ളതായും പോലീസ് പറഞ്ഞു. ആദൂര്‍ എസ്ഐ വിനോദിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്നു വേട്ട നടന്നത്. പോലീസ് ഉദ്യോഗസ്ഥരായ പി. വി.അജയകുമാര്‍, എം.സി. രമ്യ, ഡ്രൈവര്‍ ഹരീഷ, മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂബ് കുമാര്‍, നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, ഭക്തശൈവന്‍, അനീഷ്, സന്ദീപ് എന്നിവരും പോലീസ് ടീമില്‍ ഉണ്ടായിരുന്നു.