പച്ചക്കറികൾ വാങ്ങാം, ഫ്രഷായി; നേച്ചർ വാക്കിംഗിന് തിരക്കേറുന്നു
1495009
Tuesday, January 14, 2025 1:42 AM IST
പിലിക്കോട്: ശുദ്ധവായു ശ്വസിച്ച് പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് പിലിക്കോട് ഫാം കാർണിവലിലെ നേച്ചർ വാക്കിംഗിനെത്തുന്നവരുടെ തിരക്ക് വർധിക്കുന്നു. കാർഷിക സർവകലാശാലക്ക് കീഴിലുള്ള പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഉത്പാദിപ്പിച്ച പച്ചക്കറികൾ തോട്ടത്തിൽനിന്നും നേരിട്ട് വാങ്ങാൻ കഴിയുന്നതും പൊതുജനങ്ങളെ ആകർഷിക്കുകയാണ്.
കാർഷിക മേഖലയിലെ പുത്തൻ അറിവുകൾ പങ്കുവയ്ക്കാനും വിനോദത്തിനുമായി പിലിക്കോട് ഉത്തരമേഖലാ കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടന്നുവരുന്ന ഫാം കാർണിവലിൽ വിദേശത്തുനിന്നുള്ളവരും എത്തുന്നുണ്ട്.
വിജ്ഞാനം, വിപണനം, വിനോദം എന്നിവ കോർത്തിണക്കിയ നേച്ചർ വാക്കിലൂടെ വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്. വ്യത്യസ്തമായ സെൽഫി പോയിന്റുകളാണ് ഒരുക്കിയിട്ടുള്ളത്.
പറക്കും കഴുകൻ, മുതല, ഊഞ്ഞാൽ, ഏറുമാടം, കുതിര സവാരി എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആകർഷകമാണ്.
ഇതോടൊപ്പം വിവിധ വിളകളുടെ വിത്ത്, നടീൽ വസ്തുക്കൾ കൃഷിക്കായുള്ള ജൈവ ഉത്പാദന ഉപാധികൾ, തെങ്ങ്, നെല്ല്, കശുമാവ് എന്നിവയുടെ മൂല്യ വർധിത ഉത്പന്നങ്ങൾ ഫാം കാർണിവലിൽ ലഭിക്കും. കാർബൺ ന്യൂട്രൽ ഫാമിംഗ്, മില്ലറ്റുകൾ, പയർവർഗങ്ങൾ, എണ്ണക്കുരു വിളകൾ തുടങ്ങിയവയെ പരിചയപ്പെടുത്തുന്നതും പ്രത്യേകതയാണ്. വാണിജ്യ സ്റ്റാളുകളും ഫുഡ് കോർട്ടുകളും ഫാം കാർണിവലിന്റെ ഭാഗമായുണ്ട്.