വിടപറഞ്ഞത് മലയോരത്തിന്റെ അഭിമാനമായ കായിക താരം
1495011
Tuesday, January 14, 2025 1:42 AM IST
ചെമ്പന്തൊട്ടി: മലയോര കുടിയേറ്റ ഗ്രാമമായ കരയത്തുംചാലിന്റേയും ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂളിന്റേയും കായികരംഗത്തെ അഭിമാന താരമായിരുന്നു ഇന്നലെ വിടപറഞ്ഞ മിനി മാത്യു (പി.എ. മിനി). ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മിനിയുടെ അകാല വേർപാട്. ചെമ്പന്തൊട്ടി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കായികാധ്യാപകനായ എം.ജെ. ജോർജിന്റെ പരിശീലനത്തിൽ 200, 400, 800 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് മിനി കായികരംഗത്ത് ചുവടുറപ്പിക്കുന്നത്.
കണ്ണൂർ ജില്ലാതല മത്സരത്തിൽ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ മിനി സംസ്ഥാന കായികമേളയിൽ 400, 800 മീറ്റർ മത്സരങ്ങളിൽ കണ്ണൂർ ജില്ലയ്ക്കുവേണ്ടി സ്വർണമെഡൽ നേടി. ഒന്പത്, പത്ത് ക്ലാസുകളിൽ പഠിക്കുമ്പോഴും ജില്ലാ, സംസ്ഥാനതല മത്സരങ്ങളിലും ഈ നേട്ടങ്ങൾ ആവർത്തിച്ചു. പിന്നീട് പാലക്കാട് മേഴ്സി കോളജിലെ പഠനകാലത്ത് 400, 800 മീറ്ററുകളിൽ അന്തർസർവകലാശാല മീറ്റിൽ സുവർണ നേട്ടം സ്വന്തമാക്കിയ മിനി കോഴിക്കോട് സർവകലാശാലയുടെ അത്ലറ്റിക് ടീം ക്യാപ്റ്റനുമായിരുന്നു. ഇതേത്തുടർന്ന് വേൾഡ് അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിൽ ഇടം നേടിയെങ്കിലും ദൗർഭാഗ്യവശാൽ വേൾഡ് മീറ്റ് നടക്കാതിരുന്നതിനാൽ മിനിയുടെ ഏറ്റവും വലിയ അഭിലാഷം സഫലമായില്ല.
പിന്നീട് ഇന്ത്യൻ റെയിൽവേയിൽ ഉയർന്ന ജോലി ലഭിച്ച മിനി റെയിൽവേ ടീമംഗമെന്ന നിലയിൽ നിരവധി മെഡലുകൾ വാരിക്കൂട്ടി ഇന്ത്യൻ റെയിൽവേയുടെയും അഭിമാനതാരമായി. പശ്ചിമ റെയിൽവേയുടെ വഡോദര പ്രതാപ് നഗർ ഓഫീസ് സൂപ്രണ്ടായിരിക്കെ മികച്ച സേവനത്തിനുള്ള പുരസ്കാരവും നേടിയിരുന്നു.