കയ്റോസിന്റെ രജതജൂബിലി ആഘോഷം 18ന് പിലാത്തറ സെന്റ് ജോസഫ് കോളജിൽ
1495524
Wednesday, January 15, 2025 8:12 AM IST
കണ്ണൂർ: കണ്ണൂർ രൂപത സാമൂഹ്യസേവന വിഭാഗമായ കയ്റോസിന്റെ രജതജൂബിലി ആഘോഷം18ന് പിലാത്തറ സെന്റ് ജോസഫ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കണ്ണൂർ- കാസർഗോഡ് ജില്ലകളിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പക്ഷം ചേർന്ന് അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന കയ്റോസിന്റെ നിരവധി വികസന പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടക്കുമെന്ന് കണ്ണൂർ രൂപത ബിഷപ്പും കയ്റോസ് പ്രസിഡന്റുമായ റവ. ഡോ. അലക്സ് വടക്കുംതലയും സഹായ മെത്രാൻ റവ. ഡോ. ഡെന്നിസ് കുറുപ്പശേരിയും കയ്റോസ് ഡയറക്ടർ ഫാ. ജോമോൻ ചെന്പകശേരിയും അറിയിച്ചു.
ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങിൽ കണ്ണൂർ രൂപത സഹായ മെത്രാൻ റവ. ഡോ. ഡെന്നിസ് കുറുപ്പശേരി സ്വാഗതം പറയും. രജത ജൂബിലി ഉദ്ഘാടനം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള നിർവഹിക്കും. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല അധ്യക്ഷത വഹിക്കും.
ആദ്യഭവനത്തിന്റെ താക്കോൽദാനം കേന്ദ്രമന്ത്രി ജോർജ് കുര്യനും ലേബർ കോണ്ട്രാക്ട് സൊസൈറ്റി ഉദ്ഘാടനം സ്പീക്കർ എ.എൻ. ഷംസീറും നിർവഹിക്കും. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുരിങ്ങ പ്രോജക്ടിന്റെ ഉദ്ഘാടനം നിർവഹിക്കും.
സുവനീർ പ്രകാശനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും മുൻ ഡയറക്ടർമാരെ ആദരിക്കൽ കോഴിക്കോട് രൂപത ബിഷപ്പും കെആർഎൽസിബിസി പ്രസിഡന്റുമായ റവ. ഡോ. വർഗീസ് ചക്കാലക്കലും നിർവഹിക്കും.
ജോബ് പോർട്ടൽ ആൻഡ് ട്രാവൽ ഏജൻസി ഉദ്ഘാടനം ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാറും ന്യൂട്രീഷ്യൻ കിറ്റ് വിതരണം ഫിലിം ഡയറക്ടർ ലാൽ ജോസും നിർവഹിക്കും.
ബാക്കി അഞ്ചുവീടുകളുടെ താക്കോൽദാനം കാരിത്താസ് ഇന്ത്യ ഡയറക്ടർ റവ. ഡോ. ആന്റണി ഫെർണാണ്ടസ്, കോൾപിംഗ് ഇന്ത്യ ഡയറക്ടർ റവ. ഡോ. മരിയ സൂസൈ, സൗത്ത് ഇന്ത്യൻ ബാങ്ക് ചീഫ് ജനറൽ മാനേജർ ആന്റോ ജോർജ്, ദീനസേവന സഭ മദർ ജനറൽ സിസ്റ്റർ ആൻസി, കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ എന്നിവർ നിർവഹിക്കും.
എംപിമാരായ കെ. സുധാകരൻ, രാജ്മോഹൻ ഉണ്ണിത്താൻ, എംഎൽഎമാരായ എം.വി. ഗോവിന്ദൻ, എം. വിജിൻ, ടി.ഐ. മധുസൂദനൻ, സണ്ണി ജോസഫ്, സജീവ് ജോസഫ്, കെ.വി. സുമേഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാപരിപാടികൾ, കിറ്റ് വിതരണം എന്നിവ നടക്കും. ദേശീയ ഗാനത്തോടെ പരിപാടി സമാപിക്കും. 1999 നവംബർ മൂന്നിനാണ് കയ്റോസ് കണ്ണൂർ രൂപതയിൽ പ്രവർത്തനം തുടങ്ങിയത്.
പത്രസമ്മേളനത്തിൽ കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. റവ. ഡോ. ക്ലാരൻസ് പാലിയത്ത്, കയ്റോസ് ഡയറക്ടർ ഫാ. ജോമോൻ ചെന്പകശേരി, ജനറൽ കോ-ഓർഡിനേറ്റർ കെ.വി. ചന്ദ്രൻ, പിആർഒ വിനയ സെക്യൂര എന്നിവർ പങ്കെടുത്തു.