മെഡിക്കൽ കോളജിൽ ലിഫ്റ്റിൽ കുഴഞ്ഞുവീണ രോഗിക്ക് ജീവനക്കാരന്റെ ഇടപെടലിൽ പുതുജീവൻ
1495001
Tuesday, January 14, 2025 12:25 AM IST
പരിയാരം: ആശുപത്രി ലിഫ്റ്റിൽ കുഴഞ്ഞുവീണ രോഗിക്ക് സുരക്ഷാവിഭാഗം ജീവനക്കാരന്റെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ ഒന്നിന് ഡയാലിസിസിന് ശേഷം വീൽചെയറിൽ ലിഫ്റ്റ് വഴി കാർഡിയോളജി വാർഡിലേക്ക് പോകുകയായിരുന്ന കോഴിക്കോട് വളയം സ്വദേശിയാണ് ലിഫ്റ്റിൽ കുഴഞ്ഞു വീണ് ബോധരഹിതനായത്. ലിഫ്റ്റിൽ ഉണ്ടായിരുന്ന സുരക്ഷാവിഭാഗം ജീവനക്കാരൻ പി.പി. സന്തോഷ് ഹൃദയം നിലച്ച രോഗിക്ക് ഇത്തരം അടിയന്തരഘട്ടത്തിൽ നൽകേണ്ടുന്ന സിപിആർ ഉടനടി നൽകുകയും കാർഡിയോളജി വിഭാഗം സിസിയുവിൽ എത്തിച്ച് അടിയന്തര വൈദ്യസഹായം നൽകാൻ ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്തു.
സുരക്ഷാ വിഭാഗം ജീവനക്കാരൻ പി.പി. സാന്തോഷിനെ ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപ് അഭിനന്ദിച്ചു. തുടർന്ന് ജീവനക്കാരുടെ സ്നേഹോപഹാരം സൂപ്രണ്ട് സന്തോഷിന് സമ്മാനിച്ചു. ആർഎംഒ ഡോ. സരിൻ, ഹോസ്പ്പിറ്റൽ എഒ ഡോ. എം.വി. ബിന്ദു, സെക്യൂരിറ്റി ഓഫീസർ സതീഷ് എന്നിവർ പ്രസംഗിച്ചു.