കണ്ണൂരിൽനിന്ന് പുതുച്ചേരിക്ക് വിമാനസർവീസ് പരിഗണനയിൽ
1495004
Tuesday, January 14, 2025 1:42 AM IST
മാഹി: കേന്ദ്ര വ്യോമയാന വകുപ്പുമായി കൂടിയാലോചിച്ച് പുതുച്ചേരി- കണ്ണൂർ, പുതുച്ചേരി - തിരുപ്പതി- ഗോവ വിമാന സർവീസുകൾ ആരംഭിക്കുന്നത് പരിശോധിക്കുമെന്ന് പുതുച്ചേരി ടൂറിസം മന്ത്രി കെ. ലക്ഷ്മിനാരായണൻ. പുതുച്ചേരി -കണ്ണൂർ വ്യോമഗതാഗതം സാധ്യമാക്കുന്നതിനായി വിളിച്ചുചേർത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
പുതുച്ചേരി ടൂറിസം വകുപ്പുമായി സഹകരിച്ച് ഇൻഡിഗോ എയർ സർവീസിന്റെ പുതിയ വിമാന സർവീസുകൾ സംയോജിപ്പിക്കാനുള്ള സാധ്യതകളും യോഗം ചർച്ച ചെയ്തു. മാഹി എംഎൽഎ രമേഷ് പറമ്പത്ത് യോഗത്തിൽ സർവീസിന്റെ ആവശ്യകതയെക്കുറിച്ചു വിശദീകരിച്ചു. വിമാന സർവീസ് ആരംഭിക്കുന്നതിനാവശ്യമായ വിവിധ കാര്യങ്ങളും യോഗം ചർച്ച ചെയ്തു.
ഇൻഡിഗോ എയർലൈൻസ് പുതുച്ചേരി -കണ്ണൂർ സർവീസുമായി ബന്ധപ്പെട്ട് സാധ്യതാ പഠന റിപ്പോർട്ട് ലഭിച്ച ഉടനെ കേന്ദ്ര വ്യോമയാന വകുപ്പിനെ സമീപിക്കാനും യോഗം തീരുമാനിച്ചു.
ഇൻഡിഗോ എയർ സർവീസസ് സീനിയർ പ്രസിഡന്റ് രജത് കുമാർ. കണ്ണൂർ എയർപോർട്ട് മാനേജിംഗ് ഡയറക്ടർ ഗണേഷ് കുമാർ, സീനിയർ മാനേജർ അജയ്കുമാർ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വിനി കുമാർ, പുതുച്ചേരി എയർപോർട്ട് സീനിയർ മാനേജർ രാജേഷ് ചോപ്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു.