മഞ്ചേശ്വരത്ത് സിപിഎമ്മിൽനിന്ന് കൂട്ടരാജി; 11 പ്രാദേശിക നേതാക്കൾ കോൺഗ്രസിൽ
1495005
Tuesday, January 14, 2025 1:42 AM IST
കുമ്പള: മഞ്ചേശ്വരം ഏരിയയിൽ സിപിഎമ്മിൽനിന്ന് കൂട്ടരാജി. കുമ്പള, മംഗൽപാടി പഞ്ചായത്തുകളിലെ 11 പ്രാദേശിക നേതാക്കൾ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. ഏരിയാ കമ്മിറ്റി അംഗവും ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ വൈസ് പ്രസിഡന്റുമായിരുന്ന ഫാറൂഖ് ഷിറിയയുടെ നേതൃത്വത്തിലാണ് ഇവർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഇവരെ ത്രിവർണ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു.
ബന്തിയോട് ലോക്കൽ സെക്രട്ടറിയായിരുന്ന അഷറഫ് മുട്ടം, ആരിക്കാടി പി.കെ.നഗർ ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ലത്തീഫ് പി.കെ.നഗർ, ബന്തിയോട് മുട്ടം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന റിയാസ് ആലക്കോട്, ഡി. ബഷീർ, ജാവേദ് മുട്ടം, ലത്തീഫ് ഷിറിയ, മുഹമ്മദ് യൂസഫ് ഓണന്ത, ജാഫർ തങ്ങൾ, അബ്ദുള്ള പച്ചമ്പള, മുഹമ്മദ് മെർക്കള എന്നിവരാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്ന മറ്റുള്ളവർ.
കൊലപാതക രാഷ്ട്രീയം നടപ്പാക്കുകയും കൊലപാതക കുറ്റത്തിന് കോടതി ശിക്ഷിച്ച കുറ്റവാളികൾക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുന്ന സിപിഎം നടപടിയിൽ പ്രതിഷേധിച്ചും മതേതര ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നയത്തിൽ ആകൃഷ്ടരായുമാണ് തങ്ങൾ കോൺഗ്രസിൽ ചേരുന്നതെന്ന് ഇവർ പറഞ്ഞു. സ്വീകരണ ചടങ്ങിൽ സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, ഡിസിസി സെക്രട്ടറിമാരായ എം.സി.പ്രഭാകരൻ, സോമശേഖര ഷേണി, എം. കുഞ്ഞമ്പു നമ്പ്യാർ, ഗീത കൃഷ്ണൻ, നേതാക്കളായ ഡി.എം.കെ. മുഹമ്മദ്, മഞ്ജുനാഥ ആൽവ, എം.രാജീവൻ നമ്പ്യാർ, മനാഫ് നുള്ളിപ്പാടി, ലക്ഷ്മണപ്രഭു, മൻസൂർ കണ്ടത്തിൽ, എ.കെ.ശശിധരൻ, ഉസ്മാൻ അണങ്കൂർ എന്നിവർ സംബന്ധിച്ചു.