പൈതൃക നഗരിക്ക് പൊൻതൂവൽ; തലശേരി സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷൻ
1495529
Wednesday, January 15, 2025 8:12 AM IST
തലശേരി: പൈതൃകനഗരിക്ക് ഒരു പൊൻതൂവൽകൂടി ചാർത്തി തലശേരി പോലീസ് സ്റ്റേഷൻ. സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരത്തിലൂടെയാണ് തലശേരി പോലീസ് സ്റ്റേഷൻ പൈതൃകനഗരിക്ക് അഭിമാനമായി മാറിയത്.
2023 ലെ പ്രവർത്തന മികവിനാണ് ചരിത്രത്തിലാദ്യമായി തലശേരി പോലീസ് സ്റ്റേഷന് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി ലഭിക്കുന്നത്. ലോ ആൻഡ് ഓർഡർ എഡിജിപി ചെയർമാനായുള്ള കമ്മിറ്റിയാണ് മികച്ച സ്റ്റേഷനെ തെരഞ്ഞെടുത്തത്. പോലീസുകാരുടെ ജനങ്ങളോടുള്ള പെരുമാറ്റം, അന്വേഷണ മികവ്, കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി സ്റ്റേഷന്റെ സമസ്ത മേഖലകളുടേയും പ്രവർത്തനങ്ങളാണ് തലശേരി പോലീസ് സ്റ്റേഷനെ പുരസ്കാര തിളക്കത്തിലെത്തിച്ചത്. ഇപ്പോഴത്തെ മട്ടന്നൂർ സി ഐ എം. അനിൽ തലശേരി എസ്എച്ച് ഒ ആയിരിക്കെയാണ് തലശേരി പോലീസ് സ്റ്റേഷൻ കേരളത്തിലെ മികച്ച സ്റ്റേഷനായി മാറിയത്. സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെ 91 ഉദ്യോഗസ്ഥരാണ് സ്റ്റേഷന്റെ അംഗബലം. ഇപ്പോൾ മൂന്ന് എസ്ഐമാരുൾപ്പെടെ 79 ഉദ്യോഗസ്ഥരാണുള്ളത്. തലശേരി, തിരുവങ്ങാട്, എരഞ്ഞോളി വില്ലേജുകളാണ് സ്റ്റേഷന്റെ അധികാര പരിധി.
ബ്രിട്ടീഷ് ഭരണ കാലത്ത് സ്ഥാപിച്ച ആദ്യകാല പോലീസ് സ്റ്റേഷനുകളിൽ ഒന്നെന്ന നിലയിൽ ചരിത്രത്തിലിടം നേടിയ തലശേരി സ്റ്റേഷൻ നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ കാലത്തും ചരിത്രത്തിൽ ഇടം പിടിച്ചിരുന്നു. നക്സൈലൈറ്റുകൾ ആക്രമണം നടത്തിയ ആദ്യ പോലീസ് സ്റ്റേഷനും തലശേരിയായിരുന്നു. ഈ സംഭവത്തിന് അരനൂറ്റാണ്ട് പിന്നിടുന്പോഴാണ് മുഖ്യമന്ത്രിയുടെ മികച്ച സ്റ്റേഷനുള്ള ട്രോഫിക്ക് തലശേരി അർഹമാകുന്നത്.
1899 ൽ മദ്രാസ് സർക്കാർ ഉത്തരവനുസരിച്ച് സ്വകാര്യ കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. 1984 വരെ ദേശീയപാതയും ലോഗൻസ് റോഡും ചേരുന്ന ജംഗ്ഷനു സമീപമത്തെ കെട്ടിടത്തിലായിരുന്നു സ്റ്റേഷൻ പ്രവർത്തിച്ചുപോന്നത്. ഇവിടെയായിരുന്നു നക്സലൈറ്റാക്രമണം നടന്നത്. ഈ കെട്ടിടത്തിൽ ഇപ്പോൾ ട്രാഫിക് യൂണിറ്റാണ് പ്രവർത്തിക്കുന്നത്. ഇത് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുകയും ചെയ്തിരുന്നു. 1984 ഓഗസ്റ്റ് നാലിന് ഈ കെട്ടിടത്തിൽനിന്നും തലശേരി പോലീസ് സ്റ്റേഷൻ സ്റ്റേഡിയത്തിന് സമീപമുള്ള കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
കൊച്ചി മട്ടാഞ്ചേരി സ്റ്റേഷനാണ് രണ്ടാം സ്ഥാനം ലഭിച്ചത്. പാലക്കാട് ടൗൺ, നോർത്ത് സ്റ്റേഷനുകൾ മൂന്നാം സ്ഥാനത്തും എത്തി. 2022 ലെ അവാർഡ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനായിരുന്നു ലഭിച്ചത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനാണ് 2022 ലെ രണ്ടാമത്തെ മികച്ച സ്റ്റേഷനായി തെരഞ്ഞെടുക്കപ്പെട്ടത്.