ചെമ്പേരി മേളക്ക് പയ്യാവൂർ പഞ്ചായത്തിന്റെ പിന്തുണ
1495003
Tuesday, January 14, 2025 12:25 AM IST
ചെമ്പേരി: വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരി 31 മുതൽ ഫെബ്രുവരി 11 വരെ നടക്കുന്ന ചെമ്പേരി മേള ഒറോത ഫെസ്റ്റിന് തന്റെയും പഞ്ചായത്തിന്റെയും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ. വൈഎംസിഎ ഹാളിൽ നടന്ന കുടുംബ സംഗമവും പുതുവത്സരാഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കാലഘട്ടത്തിൽ കർഷകർ അനുഭവിച്ച ത്യാഗത്തിന്റെ പ്രതീകമാണ് കാക്കനാടന്റെ "ഒറോത' എന്ന നോവലിലെ നായികാ കഥാപാത്രമായ ഒറോത. ഈ കാർഷിക മേളയ്ക്ക് ഒറോത ഫെസ്റ്റ് എന്ന പേര് എന്തുകൊണ്ടും വളരെയേറെ യോജിച്ചതാണെന്നും സാജു സേവ്യർ പറഞ്ഞു.
വൈഎംസിഎ പ്രസിഡന്റ് ജോമി ജോസ് ചാലിൽ അധ്യക്ഷത വഹിച്ചു. ഏരുവേശി പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതിയധ്യക്ഷ പൗളിൻ തോമസ്, ഒറോത ഫെസ്റ്റ് ജനറൽ കൺവീനർ ഷാജി വർഗീസ്, സുനീഷ് ഉറുമ്പടയിൽ, സന്ദീപ് കടൂക്കുന്നേൽ, ആന്റണി മായയിൽ, റോബി ഇലവുങ്കൽ, വനിതാ ഫോറം ചെയർപേഴ്സൺ ലിസിയമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.
വടംവലി: രജിസ്ട്രേഷൻ തുടങ്ങി
ചെമ്പേരി മേള-ഒറോത ഫെസ്റ്റിന്റെ ഭാഗമായി ഫെബ്രുവരി രണ്ടിന് വൈകുന്നേരം നടത്തുന്ന പ്രാദേശിക വടംവലി മത്സരത്തിനുള്ള ടീമുകളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. വിജയികൾക്ക് ഒന്നാം സമ്മാനം 7500 രൂപയും രണ്ടാം സമ്മാനം 5000 രൂപയുമാണ്.
മൂന്നും നാലും സ്ഥാനങ്ങൾ നേടുന്നവർക്ക് 2500 രൂപ വീതവും അഞ്ചു മുതൽ എട്ടുവരെ സ്ഥാനങ്ങൾക്ക് 1500 രൂപ വീതവും സമ്മാനമായി ലഭിക്കും. ഒരു ടീമിൽ ഏഴു പേർക്ക് മത്സരിക്കാം. പങ്കെടുക്കുന്ന ടീമുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫോൺ: 94469 64945, 94954 61885.