മൂന്നാംപീടിക വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ആഘോഷിച്ചു
1495523
Wednesday, January 15, 2025 8:12 AM IST
കണ്ണൂർ: മൂന്നാംപീടിക വിശുദ്ധ അന്തോണീസിന്റെ അതിപുരാതന പള്ളിയിൽ പ്രധാന തിരുനാൾ ഇന്നലെ നൂറുകണക്കിനാളുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. സമൂഹ ദിവ്യബലിക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി മുഖ്യകാർമികത്വം വഹിച്ചു.
കത്തീഡ്രൽ വികാരി റവ. ഡോ. ജോയ് പൈനാടത്ത്, ഫാ. എബി സെബാസ്റ്റ്യൻ, ഫാ. ആഷ്ലിൻ കളത്തിൽ, ഫാ. വിപിൻ വില്യംസ് എന്നിവർ സഹകാർമികരായിരുന്നു. ദിവ്യബലിയെ തുടർന്ന് വാദ്യഘോഷങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധ അന്തോണീസിന്റെ തിരുസ്വരൂപം വഹിച്ചുള്ള വർണശമ്പളമായ പ്രദക്ഷിണവും ഉണ്ടായി. കണ്ണൂർ മൂന്നാംപീടിക ദേശവാസികൾ തെരുവോരങ്ങൾ അലങ്കരിച്ച് പ്രദക്ഷിണത്തെ വരവേറ്റു. പ്രദക്ഷിണം തിരികെ പള്ളിയിൽ എത്തിയതിന് ശേഷം നൊവേനയും നേർച്ച വിതരണവും നടന്നു.
തിരുനാളിന്റെ എട്ടാമിടമായ 24ന് വൈകുന്നേരം അഞ്ചിന് ജപമാലയും തുടർന്ന് ലത്തീൻ ഭാഷയിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും ഊട്ടു നേർച്ചയും ഉണ്ടായിരിക്കും. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല മുഖ്യകാർമികനായിരിക്കും.