സഹകരണ മേഖലയിലും ഗ്രേഡ് റബർ ഷീറ്റ് നിർമാണ യൂണിറ്റ്
1491093
Monday, December 30, 2024 6:58 AM IST
ഇരിട്ടി: നബാർഡിന്റെ കാർഷിക അനുബന്ധ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി കിളിയന്തറ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ മേഖലയിലെ ആദ്യത്തെ ഗ്രേഡ് റബർ ഷീറ്റ് നിർമാണ യൂണിറ്റ് പായം പഞ്ചായത്തിലെ വള്ളിത്തോട് നിരങ്ങുംചെറ്റയിൽ പ്രവർത്തനം തുടങ്ങി.
കർഷകരിൽ നിന്ന് റബർ പാൽ നേരിട്ട് ശേഖരിച്ച് ഗ്രേഡ് ഷീറ്റ് ആക്കി വിപണിയിൽ എത്തിക്കുന്ന പ്രവർത്തനമാണ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തുന്നത്. വൈവിധ്യവത്കരണത്തിലൂടെ സഹകരണ മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സർവീസ് സഹകരണ ബാങ്ക് കേരള ബാങ്കിന്റെയും നബാഡിന്റേയും സഹായത്തോടെ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം 2000 ലിറ്റർ റബർ പാല് ഗ്രേഡ് ഷീറ്റാക്കി മാറ്റും.
ഇപ്പോൾ 55 കർഷകരുടെ തോട്ടങ്ങളിൽ എത്തിയാണ് റബർ പാൽ ശേഖരിക്കുന്നത്. പാലിൽ അടങ്ങിയിരിക്കുന്ന ലാറ്റെക്സിന്റെ അളവ് കണക്കാക്കി കർഷകർക്ക് ഗ്രേഡ് ഫോറിന്റെ വില ലഭ്യമാക്കും.
ഇത് ഷീറ്റ് ഉത്പാദന ചെലവിനെ അപേക്ഷിച്ച് കർഷകർക്ക് ലാഭകരമാണെന്ന് അധികൃതർ പറയുന്നു. 1.76 കോടി രൂപയാണ് നബാർഡ് വായ്പയായി അനുവദിച്ചിരിക്കുന്നത്. ആറ് തൊഴിലാളികൾക്കാണ് ഇതുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുന്നത് .
അടുത്തവർഷം മുതൽ കൂടുതൽ പാൽ സംഭരിക്കുമെന്നും റബർ പാൽ അധിഷ്ഠിത അനുബന്ധ വ്യവസായങ്ങൾ കൂടി ആരംഭിക്കുമെന്നും ബാങ്ക് പ്രസിഡന്റ് ജോസഫ്, സെക്രട്ടറി എൻ. അശോകൻ എന്നിവർ പറഞ്ഞു. ഷീറ്റ് ഉത്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മലിനജലത്തിൽ നിന്ന് ബയോഗ്യാസും ഇ - വളവും നിർമിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സഹകരണ മേഖലയുടെ പുത്തൻ കാൽവയ്പ് തൊഴിൽ മേഖലയിൽ പുതിയ പ്രതീക്ഷ നല്കുന്നതാണ്.