മുക്കടയിലും പാലത്തിനായുള്ള കാത്തിരിപ്പ്
1491087
Monday, December 30, 2024 6:58 AM IST
മുക്കട: കുടിയേറ്റ ഗ്രാമങ്ങളായ മുക്കട-മാമ്പൊയിൽ പ്രദേശങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ച് മുക്കട പുഴയ്ക്ക് കുറുകെ കോൺക്രീറ്റ് പാലം നിർമിക്കണമെന്ന് നാട്ടുകാരുടെ ആവശ്യത്തിന് ചെവികൊടുക്കാതെ ഭരണാധികാരികൾ.
ഉദയഗിരി പഞ്ചായത്തിലെ നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന വനാതിർത്തിയോട് അധികം ദൂരത്തല്ലാതെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയം കാലപ്പഴക്കത്താൽ ദ്രവിച്ച് അപകടാവസ്ഥയിലായ സ്റ്റീൽ തൂക്കുപാലമാണ്.
തൂക്കുപാലത്തിന്റെ പ്രതലങ്ങളും മറ്റും തുരുമ്പെടുത്ത് ദ്രവിച്ച് തകർച്ചാ ഭീഷണിയിലാണ്. തൂക്കുപാലത്തിലൂടെ വാഹന ഗതാഗതവും സാധ്യമല്ല. സാഹസികമായി ഇരുചക്ര വാഹനം മാത്രമാണ് കടന്നുപോകുന്നത്. ഇപ്പോൾ കാൽനട യാത്രികർ മാത്രമാണ് പ്രധാനമായും തൂക്കുപാലം ഉപയോഗിക്കുന്നത്. പാലത്തിന്റെ നടന്നുപോകുന്ന ഭാഗം തുരുമ്പെടുത്ത് ദ്രവിച്ച് അടർന്ന നിലയിലായത് കുട്ടികളടക്കമുള്ളവർക്ക് വലിയ അപകട ഭീഷണിയാണ്.
അപകടാവസ്ഥ നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരു നടപടികളും സ്വീകരിച്ചിട്ടില്ല. കുടക് വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന കാരിക്കയം, മാമ്പൊയിൽ പുഴകളുടെ സംഗമ ഭൂമിയാണ് പ്രകൃതിരമണീയമായ മുക്കട പ്രദേശം. കുടിയേറ്റകാലം മുതൽ വാഹന ഗതാഗതം സാധ്യമാകുന്നവിധത്തിലുള്ള കോൺക്രീറ്റ് പാലം മുക്കടയിൽ നിർമിക്കണമെന്നത് മൂക്കട, മാമ്പൊയിൽ പ്രദേശത്തുകാരുടെ ആവശ്യമാണ്.
പാലത്തിന്റെ ഒരു ഭാഗത്ത് മുക്കടയും മറുഭാഗത്ത് മാമ്പൊയിൽ, ചുള്ളിപ്പള്ള, ലഡാക്ക് പ്രദേശങ്ങളുമാണ്. മുക്കടയിൽ കോൺക്രീറ്റ് പാലം വന്നാൽ ജനങ്ങൾ ഇപ്പോൾ നേരിടുന്ന യാത്രാദുരിതത്തിനും മേഖലയുടെ വികസന പിന്നോക്കാവസ്ഥയ്ക്കും പരിഹാരമാകും.
മേഖലയിലെ യാത്രാദുരിതത്തിനും ശാശ്വത പരിഹാരമാകും. അടുത്തടുത്ത പ്രദേശങ്ങളായിട്ടും മുക്കട, മാമ്പൊയിൽ ഗ്രാമങ്ങളിലെ ജനങ്ങൾ പരസ്പരം ബന്ധപ്പെടുന്നത് മണക്കടവ്, കാരിക്കയം, ഉദയഗിരി ഭാഗങ്ങളിലൂടെ കിലോ മീറ്ററുകൾ സഞ്ചരിച്ചാണ്.