അഴുക്കു മാറ്റി അഴകിലേക്ക്: ഒരുമയിൽ ഒരുക്കിയത് അഞ്ചാമത്തെ പാർക്ക്
1491079
Monday, December 30, 2024 6:57 AM IST
ഇരിട്ടി: "അഴുക്കിൽ നിന്ന് അഴകിലേക്ക്' എന്ന സന്ദേശവുമായി പായം പഞ്ചയത്തിലെ വള്ളിത്തോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരുമ റെസ്ക്യൂ ടീം ഒരുക്കിയത് അഞ്ചാമത്തെ പാർക്ക്. മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലെ അഴുക്കുകൾ മാറ്റി അവിടം കൊച്ചു പാർക്കുകൾ നിർമിക്കുകയാണ് ഒരുമ. ഇത്തരത്തിൽ കണ്ണൂർ ജില്ലയ്ക്കുതന്നെ മാതൃകയാണ് ഈ ടീം.
കുട്ടികളും, സ്ത്രീകളും, പുരുഷന്മാരും അടങ്ങുന്ന 80 പ്രവർത്തകരാണ് ഒരുമയുടെ ശക്തി. തലശേരി-മൈസൂർ അന്തർസംസ്ഥന പാതയിൽ ആനപ്പന്തി കവലയ്ക്കു സമീപമാണ് ചെറിയൊരു വിശ്രമകേന്ദ്രം ഒരുമ ഒരുക്കിയത്. യാത്രയ്ക്കിടെ വിശ്രമത്തിനുള്ള ഇരിപ്പിടങ്ങൾ അടക്കം ഒരുക്കിയാണ് പ്രസ്തുത സ്ഥലം ഇവർ പാർക്കാക്കി മാറ്റിയിരിക്കുന്നത്.
വള്ളിത്തോടും പരിസര പ്രദേശങ്ങളിലുമായി നിർമിച്ച അഞ്ചാമത്തെ പാർക്ക് ഇന്നു വൈകുന്നേരം അഞ്ചിന് പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ജനങ്ങൾക്കായി തുറന്നു കൊടുക്കും.