കുടുംബ സംഗമവും ക്രിസ്മസ് പുതുവർഷ കൂട്ടായ്മയും
1491080
Monday, December 30, 2024 6:57 AM IST
ഇരിട്ടി: ഇരിട്ടി നന്മ എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി, നന്മ പബ്ലിക് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമവും ക്രിസ്മസ് പുതുവത്സര കൂട്ടായ്മയും നന്മ ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർ വി.പി. സതീശൻ അധ്യക്ഷത വഹിച്ചു.
ഫാ. സണ്ണി തോട്ടപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കൈരളിയുടെ അക്ഷരപുണ്യം എംടി എന്നിവരുടെ വേർപാടിൽ നന്മ ഭാരവാഹികളായ കെ. സുരേഷ്, സി.കെ. ലളിത എന്നിവർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലത ആദരിച്ചു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ നിർവഹിച്ചു.
നഗരസഭ കൗൺസിലർമാരായ കെ. നന്ദനൻ, വി.പി. അബ്ദുൾ റഷീദ്, നന്മ ഭാരവാഹികളായ സന്തോഷ് കോയിറ്റി, കെ. മോഹനൻ, ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ജിത്ത് കമൽ, വ്യാപാരി സംഘടനാ പ്രതിനിധികളായ റെജി തോമസ്, പി. പ്രഭാകരൻ, ഡോ. ജി. ശിവരാമകൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.