പാലത്തോട് മുഖംതിരിച്ച് ഭരണാധികാരികൾ
1491086
Monday, December 30, 2024 6:58 AM IST
ശ്രീകണ്ഠപുരം: ഇരിക്കൂറിലെ പാലം അപകടാവസ്ഥയിലായിട്ട് വർഷങ്ങളായി. പുതിയപാലം നിർമാണത്തിന് കഴിഞ്ഞ ബജറ്റിൽ പണം അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും വീണ്ടും ടോക്കൺ മാത്രം ആണ് കിട്ടിയത്. 70 വർഷം മുന്‍പ് നിർമിച്ച അപകടാവസ്ഥയിലുള്ള പാലത്തോടുള്ള സർക്കാർ അവഗണന ഇനിയെന്ന് അവസാനിക്കുമെന്നാണു നാട്ടുകാർ ചോദിക്കുന്നത്.
കണ്ണൂർ, മട്ടന്നൂർ, തലശേരി, ചാലോട്, ഇരിട്ടി, ശ്രീകണ്ഠപുരം ഭാഗങ്ങളിലേക്കുള്ള 100 ലേറെ ബസുകളും നിരവധി വാഹനങ്ങളും ദിവസവും കടന്നുപോകുന്ന വഴിയാണിത്.
പയ്യാവൂർ, ഏരുവേശി, ശ്രീകണ്ഠപുരം, ചെങ്ങളായി ഉൾപ്പെടെ മലയോര മേഖലയിലുള്ളവർ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തിച്ചേരാനും ഈ പാലത്തേയാണ് ആശ്രയിക്കുന്നത്. അപകടാവസ്ഥയിലുള്ള പാലത്തോടുള്ള സർക്കാർ അവഗണന എന്ന് മാറും എന്നാണ് നാട്ടുകാരുടെ ചോദ്യം.
ഇരിക്കൂർ-കൂടാളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഉപരിതലം പലസ്ഥലങ്ങളിലും തകർന്ന നിലയിലാണ്. സ്പാനുകൾക്കിടയിലെ ടാറിംഗ് തകർന്ന് വലിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
കൈവരികൾ ഉൾപ്പെടെ പല ഭാഗങ്ങളിലെയും കോൺക്രീറ്റുകൾ തകർന്ന് കമ്പികൾ പുറത്തായി.
ഭാരമുള്ള വാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് വിറയൽ അനുഭവപ്പെടുന്നുമുണ്ട്. കൂടാളി പഞ്ചായത്തിന്റെ അതിർത്തിയിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
മലയോര മേഖലയുടെ പ്രധാന പ്രവേശന കവാടമായ ഇരിക്കൂർ പാലം ബജറ്റിൽ ഉൾപ്പെടുത്താൻ എംഎൽഎമാർ നിർദേശം നല്‍കിയിരുന്നെങ്കിലും പരിഗണിച്ചില്ല. നേരത്തെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പുതിയ പദ്ധതി എടുക്കുന്നില്ലെന്നു പറഞ്ഞ് ഒഴിവാക്കി.