വിധിയില്‍ പൂര്‍ണ തൃപ്തരല്ല; കണ്ണീരടക്കാനാകാതെ അമ്മമാര്‍
1490811
Sunday, December 29, 2024 6:23 AM IST
കല്യോട്ട്: കല്യോട്ട് ഇരട്ടക്കൊലക്കേസിലെ 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിക്ക് പിന്നാലെ കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റേയും വീടുകളില്‍ വൈകാരിക രംഗങ്ങള്‍. കോടതി വിധി കേട്ട് ഇരുവരുടെയും അമ്മമാര്‍ പൊട്ടിക്കരഞ്ഞു. വിധി കേട്ട് പ്രതികരിക്കാനാകാതെ ഏറെ നേരം കണ്ണീരോടെനിന്ന ഇരുവരെയും ആശ്വസിപ്പിക്കാനും കുടുംബാംഗങ്ങള്‍ പാടുപെട്ടു. കോടതിയില്‍ വിശ്വാസമുണ്ടെന്നും എല്ലാ പ്രതികള്‍ക്കും കടുത്ത ശിക്ഷ കിട്ടണമെന്നും കൃപേഷ് ലാലിന്റേയും ശരത് ലാലിന്റേയും അമ്മമാര്‍ പറഞ്ഞു.
വിധിയില്‍ പൂര്‍ണ തൃപ്തിയില്ലെങ്കിലും 14 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ബാക്കി 10 പേരെ കോടതി വെറുതെ വിട്ടു. എങ്കിലും വിധിയില്‍ ആശ്വാസമുണ്ട്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഒരുപാട് ശ്രമിച്ചെന്ന് കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. ഇത്രയും കാലം കാത്തിരുന്നത് ഈ ദിവസത്തിനുവേണ്ടിയാണ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണം. അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിബിഐ അന്വേഷണത്തിനായി കുറെയെറെ പരിശ്രമിക്കേണ്ടിവന്നു. ഇപ്പോള്‍ ഒന്നും പറയാനാകുന്നില്ലെന്നും ബാലാമണി പറഞ്ഞു.
നീതി കിട്ടിയെന്നാണ് വിശ്വസിക്കുന്നതെന്നും തക്കതായ ശിക്ഷ എല്ലാവര്ക്കും കിട്ടുമെന്ന് കരുതുന്നതായും ബാലാമണി കൂട്ടിച്ചേര്‍ത്തു. എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്ന് ശരത് ലാലിന്റെ അമ്മ ലത പ്രതികരിച്ചു. വിധി തൃപ്തികരമാണെന്ന് തോന്നുന്നില്ല. എങ്കിലും കോടതിയില്‍ വിശ്വാസമുണ്ട്. 14 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത് ആശ്വാസമാണെന്നും അവര്‍ പറഞ്ഞു.
വിധിക്ക് പിന്നാലെ ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സ്മൃതി മണ്ഡപത്തില്‍ അമ്മമാർ പുഷ്പാര്‍ച്ചന നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍, യുഡിഎഫ് കണ്‍വീനര്‍ എ.ഗോവിന്ദന് നായര്‍, ജില്ലാ പഞ്ചായത്തംഗം ഗീത കൃഷ്ണന്, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്, വൈസ് പ്രസിഡന്റ് എ. കാര്‍ത്യായനി, വാര്‍ഡ് മെംബര്‍ രതീഷ് കാട്ടുമാടം, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കാര്ത്തികേയന് പെരിയ, നേതാക്കളായ ബി.പി. പ്രദീപ്കുമാര്‍, ധന്യ സുരേഷ്, സാജിദ് മവ്വല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.