മുങ്ങിമരണങ്ങളിൽ പകച്ച് നാട്
1490810
Sunday, December 29, 2024 6:23 AM IST
ബേഡഡുക്കയിൽ ദുരന്തമെത്തിയത്
അവധിയാഘോഷത്തിനിടെ
ബേഡകം: ബേഡഡുക്ക കൊളത്തൂര്‍ എരിഞ്ഞിപ്പുഴയിൽ മൂന്നു കുട്ടികൾ മുങ്ങിമരിച്ചത് അവധി ആഘോഷങ്ങൾക്കിടെയായിരുന്നു. സഹോദരങ്ങളായ അഷ്റഫിന്റേയും മജീദിന്റേയും റംലയുടേയും മക്കളാണ് അപകടത്തിൽപെട്ടത്. മരിച്ച സമദ് ഉപ്പളയിലെ അമ്മവീട്ടില്‍ നിന്നാണ് പഠിക്കുന്നത്. ക്രിസ്മസ് അവധി ആഘോഷിക്കാനായി സമദും റിയാസും കുടുംബസമ്മേതം യാസിന്റെ വീട്ടിലെത്തിയതായിരുന്നു. ഉച്ചയ്ക്ക് 1.30ഓടെയാണ് മൂന്നു കുട്ടികളും റംലയ്ക്കൊപ്പം കുളിക്കാനായി വീടിന് തൊട്ടടുത്തുള്ള പുഴയിലേക്ക് പോയത്.
ആദ്യം വെള്ളത്തില്‍ മുങ്ങിപ്പോയത് റിയാസായിരുന്നു. മകനെ രക്ഷിക്കാന്‍ റംല വെള്ളത്തിലേക്ക് എടുത്തുചാടി. റംലയ്ക്കൊപ്പം നീന്തല്‍ അറിയാവുന്ന മറ്റു രണ്ടു കുട്ടികളും എടുത്തുചാടി. ആഴമുള്ള പുഴയില്‍ നല്ല അടിയൊഴുക്കുമുണ്ടായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ റംല ക്ഷീണിതയായി. ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും ഓടിയെത്തി.
നാട്ടുകാരുടെ കൃത്യമായ ഇടപെടലില്‍ റംലയെ രക്ഷിക്കാനായി. 2.20നു റിയാസിനെ കണ്ടെത്തി. ചെര്‍ക്കള കെകെപുറത്തെ സ്വകാര്യാശുപതിയിലെത്തിച്ചെങ്കിലും മരിച്ചു. 3.30 ഓടെ അഗ്നിരക്ഷാ സേനയുടെ സ്കൂബ സംഘം സ്ഥലത്തെത്തി. 4.18നു യാസിനെ കണ്ടെത്തി. ഒരു മണിക്കൂര്‍ അന്വേഷണത്തിന് ശേഷം 5.15നു സമദിനെയും കണ്ടെത്താനായി.
കാനത്തൂര്‍ ജിയുപിഎസിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് യാസിന്. സഹോദരങ്ങള്‍: സഫ, അമീന്. ബന്തിയോട് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥിയാണ് സമദ്. സഹോദരന്: ഷാമില്‍. ഉദ്യാവര്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് റിയാസ്. സഹോദരി: റിസ്വാന. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ രാത്രിയോടെ കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഇന്നു രാവിലെ എരിഞ്ഞിപ്പുഴ കബര്‍സ്ഥാനില്‍ കബറടക്കും.
യുവ അധ്യാപകൻ മുങ്ങിമരിച്ചത്
കയത്തിലെ ചെളിയിൽ കുടുങ്ങി
കേളകം : ബാവലിപ്പുഴയിലുണ്ടായ അപകടത്തിൽ സുഹൃത്തുക്കളുമൊത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴാണ് നെല്ലിക്കുന്ന് സ്വദേശി ശാസ്താംകുന്നേൽ ജെറിൻ ജോസഫാണ് (27) ആഴമുള്ള കയത്തിൽ മുങ്ങിപ്പോയത്. പുഴയുടെ ഒരു ഭാഗം ആഴമുള്ളതും ചെളി നിറഞ്ഞതുമായ പ്രദേശമായിരുന്നു. ഇതറിയാത്ത ജെറിൻ കയത്തിൽപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനെത്തുടർന്ന് നാട്ടുകാരെയും കേളകം പോലീസിലും വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് ഫയർഫോഴ്സും കേളകം പോലീസും നാട്ടുകാരും നടത്തിയ തെരിച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകനും കാക്കയങ്ങാട് മാതൃക എൽപി സ്കൂളിലെ താത്കാലിക അധ്യാപകനുമായിരുന്നു. നെല്ലിക്കുന്നില പരേതനായ ശാസ്താംകുന്നേൽ റോയി-ജെസി ദമ്പതികളുടെ മകനാണ്. സഹോദരി: ജുവൽ. സംസ്കാരം പിന്നീട് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും.
രക്ഷിക്കാൻ പുഴയിൽ ചാടി; ആൽവിനൊപ്പം
വിൻസെന്റും മുങ്ങിത്താഴ്ന്നു
ഇരിട്ടി: ഇരിട്ടി ചരളിലെ ബന്ധുവീട്ടിൽ എത്തിയ യുവാവിനേയും ഒന്പതുവയസുകാരനേയും കാത്തിരുന്നത് അപ്രതീക്ഷിതമായ ദുരന്തമായിരുന്നു. ബാരാപോൾ പുഴയുടെ ചരൾ കടവിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു ദുരന്തം. കണ്ണൂർ കൊറ്റാളി സ്വദേശിയായ വിൻസെന്റിന്റെ സഹോദരിയുടെ വീട്ടിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കാണാൻ എത്തിയതായിരുന്നു ഇരുവരും. മരിച്ച ആൽവിൻ വിൻസെന്റിന്റെ അയൽവാസിയുടെ മകനാണ്.
സ്കൂൾ അവധി ആയതിനാൽ ആൽവിനുമൊന്നിച്ച് വെള്ളിയാഴ്ചയാണ് വിൻസെന്റ് സഹോദരിയുടെ വീട്ടിൽ എത്തുന്നത്. ഇന്നലെ ഉച്ചയോടെയാണ് പുഴയിൽ കുളിക്കാനായി വിൻസെന്റും ആൽവിനും സഹോദരിയുടെ മകനും ഒന്നിച്ച് ഒരുകിലോമീറ്റർ ദൂരെയുള്ള പുഴക്കടവിലേക്ക് കാറിലാണ് എത്തിയത്.
നല്ല ഒഴുക്കുള്ള പാറക്കെട്ടുകൾ നിറഞ്ഞ പുഴയിൽ ആദ്യം വെള്ളം തീരെ കുറഞ്ഞ ഭാഗത്തായിരുന്നു ആൽവിൻ കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടെ വെള്ളം കൂടുതലും അടിയൊഴുക്കുമുള്ള ഭാഗത്തേക്ക് ആൽവിൻ നീങ്ങുകയും വെള്ളത്തിൽ മുങ്ങിത്താഴുകയുമായിരുന്നു.
ഇതുകണ്ട് രക്ഷിക്കാനായി കരയിൽ ഇരുന്നിരുന്ന വിൻസെന്റ് ഓടിയെത്തുകയും വിൻസെന്റും പുഴയിൽ മുങ്ങിത്താഴുകയുമായിരുന്നു. ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് കണ്ട സഹോദരിയുടെ മകനായ ആൽബിൻ ഓടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരെത്തി നടത്തിയ തെരച്ചിലിലാണ് ഇരുവരെയും പുഴയുടെ അടിത്തട്ടിൽനിന്നും ലഭിച്ചത്. ഉടൻ തന്നെ ഇരുവരെയും കരയ്ക്കെത്തിച്ച് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. പരേതനായ തോമസ് - മറിയാമ്മ ദന്പതികളുടെ മകനായ വിൻസെന്റ് അവിവാഹിതനാണ്. സഹോദരങ്ങൾ : റോയി, ജെസി. ചെറിയേടത്ത് രജീഷ്-സുരേഖ ദന്പതികളുടെ മകനാണ് മരിച്ച ആൽവിൻ. സഹോദരൻ: അലൻ കൃഷ്ണ.