സർക്കാരിന്റെ സിബിഐ പേടി ഒരിക്കൽ കൂടി ബോധ്യമായി: മാർട്ടിൻ ജോർജ്
1490809
Sunday, December 29, 2024 6:23 AM IST
കണ്ണൂര്‍: കല്യോട്ട് ഇരട്ടക്കൊലക്കേസില്‍ സിബിഐ പ്രതി ചേര്‍ത്തവര്‍ ശിക്ഷിക്കപ്പെട്ടതോടെ പിണറായി സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും സിബിഐ പേടിയുടെ കാരണം ഒരിക്കൽ കൂടി ബോധ്യപ്പെട്ടെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. നവീൻ ബാബുവിന്റെ മരണത്തിന്റെ ദുരൂഹകളുടെ ചുരുളഴിയാനും സിബിഐ അന്വേഷണം വേണമെന്നും ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്.
പെരിയ കേസില്‍ സിബിഐ അന്വേഷണം വരാതിരിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച് സുപ്രിംകോടതി വരെ നിയമയുദ്ധം നടത്തിയ പിണറായി സര്‍ക്കാര്‍ കണ്ണൂരിലെ നവീന്‍ബാബു കേസിലും സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്. പെരിയ കേസില്‍ സര്‍ക്കാരിന്റെ തടസവാദങ്ങളെ തള്ളിക്കൊണ്ടാണ് സിബിഐ അന്വേഷണത്തിനുത്തരവിട്ടത്. ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമനെയടക്കം സിബിഐ ആണ് പ്രതി ചേര്‍ത്തത്. കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്ത ചിലരില്‍ മാത്രം ഒതുങ്ങുമായിരുന്ന കേസാണ് ഗൂഢാലോചനക്കാരെയും കൊലയാളികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരേയുമൊക്കെ കണ്ടെത്തി സിബിഐ ചുരുളഴിച്ചത്.
നവീന്‍ബാബു കേസും സിബിഐ അന്വേഷിച്ചാലേ സത്യം പുറത്തു വരികയുള്ളൂ. സിപിഎം കൈയാളുന്ന ആഭ്യന്തരവകുപ്പിനു കീഴിലെ ഒരു സംവിധാനത്തിലൂടെ സിപിഎമ്മുകാര്‍ പ്രതികളാകുന്ന കേസുകളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കില്ലെന്നും അന്വേഷണോദ്യോഗസ്ഥര്‍ ഭരണകക്ഷിയുടെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങേണ്ടി വരുമെന്നതാണ് മുന്‍കാല അനുഭവങ്ങളെന്നുംയ മാര്ട്ടിന് ജോര്‍ജ് ചൂണ്ടിക്കാട്ടി.
പെരിയ കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനും കൊലയാളികളെ സംരക്ഷിക്കുന്ന പാര്‍ട്ടി നിലപാടിനുമുള്ള മുഖമടച്ചുള്ള പ്രഹരമാണെന്നും മാർട്ടിൻ ജോര്‍ജ് പറഞ്ഞു.