അപകടങ്ങളുടെ കടവിൽ ബാക്കിയായത് രണ്ടുപേരുടെയും ചെരുപ്പും വസ്ത്രങ്ങളും
1490805
Sunday, December 29, 2024 6:23 AM IST
ഇരിട്ടി: ടൗണിൽ നിന്നും എത്തിയ ആൽവിനെന്ന ഒന്‍പതുവയസുകാരനെ പുഴ വല്ലാതെ ആകർഷിച്ചു. ഒറ്റ നോട്ടത്തിൽ ശാന്തമായ പുഴ പരിചയക്കാർക്കു പോലും അപകടകാരിയാണ്. പാറക്കെട്ടും കുത്തൊഴുക്കും ചുഴിയും എല്ലാം ഇവിടെ ഉള്ളവർക്ക് മനഃപാഠം ആണെങ്കിലും വെളിയിൽ നിന്നെത്തുന്നവർക്ക് ഈ കടവ് അപകടകാരിയാണ്.
പ്രളയത്തിനു ശേഷം ഗതിമാറി ഒഴുകിയ പുഴയിൽ പല സ്ഥലങ്ങളിലും വലുതും ചെറുതുമായ നിരവധി കയങ്ങൾ രൂപപ്പെട്ടിട്ടുണ്ട് . രണ്ടുവർഷം മുന്‍പാണ് ഉളിക്കലിലും, വള്ളിത്തോടിലുമുള്ള രണ്ടു വിദ്യാർഥികൾ ഇവിടെ മുങ്ങിമരിച്ചത്.
10 വർഷത്തിനുള്ളിൽ എട്ടോളം മരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. ഒന്നരയാൾ മാത്രം താഴ്ചയിലുള്ള കയത്തിലാണ് ഇരുവരും മുങ്ങിമരിച്ചത്.
വെള്ളത്തിൽ മുങ്ങിപ്പോയ ഇരുവരും അടിയിലെ ചുഴിയിൽപ്പെട്ടതാണ് അപകടത്തിന് കാരണം എന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറയുന്നത്. രണ്ടുപേരൂടെയും ജീവൻ കവർന്ന പുഴയരികിലെ ഉരുളൻ കല്ലിൽ ബാക്കിയായത് ഇരുവരുടെയും ചെരുപ്പും വസ്ത്രങ്ങളും മാത്രമാണ്.