പുഴയിൽ കുളിക്കാനിറങ്ങിയ അധ്യാപകൻ മുങ്ങിമരിച്ചു
1490646
Saturday, December 28, 2024 10:37 PM IST
കേളകം: സുഹൃത്തുക്കളുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ അധ്യാപകൻ കയത്തിൽപ്പെട്ട് മുങ്ങിമരിച്ചു. കണിച്ചാർ നെല്ലിക്കുന്ന് സ്വദേശി ശാസ്താംകുന്നേൽ ജെറിൻ ജോസഫാണ് (27) മരിച്ചത്. ബാവലി പുഴയിൽ കൊണ്ടേരിക്ക് സമീപം ആഞ്ഞിലിക്കയത്തിൽ ശനിയാഴ്ച വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം .
പുഴയുടെ ഒരു ഭാഗം ആഴമുള്ളതും ചെളി നിറഞ്ഞതുമായ പ്രദേശമായിരുന്നു. ഇതറിയാത്ത ജെറിൻ കയത്തിൽപ്പെടുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചിട്ടും സാധിക്കാത്തതിനെത്തുടർന്ന് നാട്ടുകാരെയും കേളകം പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സും കേളകം പോലീസും നാട്ടുകാരും നടത്തിയ തെരിച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിലെ സൺഡേ സ്കൂൾ അധ്യാപകനും കാക്കയങ്ങാട് മാതൃക എൽപി സ്കൂളിലെ താത്കാലിക അധ്യാപകനുമായിരുന്നു. നെല്ലിക്കുന്നില പരേതനായ ശാസ്താംകുന്നേൽ റോയി-ജെസി ദമ്പതികളുടെ മകനാണ്. സഹോദരി: ജുവൽ. സംസ്കാരം പിന്നീട് നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ നടക്കും.